കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ച് സസൂക്ഷ്‌മം പരിശോധിക്കുകയാണെന്നും ഗൂഢാലോചനയിൽ നിർണായക പങ്കുള്ള ചില രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക് കുമാറാണ് വിശദീകരണ പത്രികകൾ നൽകിയത്. സൂരജിനെതിരെ വേറെ വിജിലൻസ് കേസുകളുണ്ടെന്നും ബിനാമി ഇടപാടുകൾ പരിശോധിക്കണമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
സൂരജിനെതിരായ സ്റ്റേറ്റ്മെന്റ്
ആരോടുമാലോചിക്കാതെ ഏഴ് ശതമാനം പലിശ നിശ്ചയിച്ച് മൊബിലൈസേഷൻ അഡ്വാൻസ് നൽകി.
പൊതുമേഖലാ സ്ഥാപനങ്ങൾ പോലും 11 - 14 ശതമാനം പലിശ ഈടാക്കുമെന്നിരിക്കെയാണിത്.
മുൻകൂർ തുക നൽകിയതിനെതിരെ അക്കൗണ്ടന്റ് ജനറലിന്റെ പരാമർശമുണ്ട്.
മുൻകൂർ തുക ബില്ലിൽ വകയിരുത്തുന്നതിൽ ഇളവ് നൽകിയതും നഷ്‌ടമുണ്ടാക്കി.
പലിശയില്ലാതെ തുക നൽകാൻ മന്ത്രി നിർദ്ദേശിച്ചെന്ന ആരോപണം ശരിയല്ല.
പലിശ നൽകണമെന്നോ വേണ്ടെന്നോ ഫയലിൽ മന്ത്രി പറഞ്ഞിട്ടില്ല.
വകുപ്പു സെക്രട്ടറിയെന്ന നിലയിൽ വ്യക്തത വരുത്താതെ ഏഴ് ശതമാനം പലിശ നിശ്ചയിച്ചു.
ഇടപ്പള്ളി പാലത്തിനായി കേന്ദ്ര സർക്കാർ സ്ഥാപനമെന്ന നിലയിൽ ഡി.എം.ആർ.സിക്കാണ് മുൻകൂർ പണം നൽകിയത്.
മുൻമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ സൂരജ് ജാമ്യഹർജിയിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും ആരോപണമുന്നയിച്ചിട്ടുണ്ട്
എം.ടി. തങ്കച്ചനെതിരായ സ്റ്റേറ്റ്മെന്റ്
തങ്കച്ചനെ റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അഡി. ജനറൽ മാനേജരാക്കിയത് വൻ ശുപാർശയും സ്വാധീനവും കാരണം
നിയമനത്തിന്റെ വിവരങ്ങൾ ശേഖരിക്കണം.
ഫ്ളൈ ഓവറിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ബാദ്ധ്യതയുണ്ടായിരുന്ന തങ്കച്ചൻ കമ്പനിക്കായി വിട്ടുവീഴ്‌ച ചെയ്‌തു
കോൺക്രീറ്റിൽ സിമന്റും മണലും കുറച്ചത് ഫ്ളൈ ഓവറിനെ അപകടത്തിലാക്കി
ബെന്നി പോളിനെതിരായ സ്റ്റേറ്റ്മെന്റ്
കിറ്റ്കോയിലെ മുൻ ജോയിന്റ് ജനറൽ മാനേജരായ ബെന്നിയാണ് ടെൻഡറിൽ പങ്കെടുക്കാൻ കമ്പനിക്ക് അനുമതി നൽകിയത്.
മതിയായ രേഖകളില്ലാതെയാണ് ആർ.ഡി.എസ് എന്ന കരാർ കമ്പനിയെ ടെൻഡറിൽ പങ്കെടുപ്പിച്ചത്.
ഡിസൈനറുമായുള്ള ധാരണാപത്രം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ കമ്പനി ഹാജരാക്കിയിരുന്നില്ല.
ഇതു മറച്ചുവച്ച് ആർ.ഡി.എസിന് ടെൻഡർ ലഭിക്കാൻ വഴിയൊരുക്കി