മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുറുമി ഉമ്മറിനെതിരെഅവിശ്വാസത്തിന് നോട്ടീസ്. സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ എൽ.ഡി.എഫ് അംഗങ്ങളായ കെ.ഇ.ഷിഹാബ്, ആമിന മുഹമ്മദ് റാഫി എന്നിവരാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. കുറ്റപത്രം ഇങ്ങനെ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്രയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുവദിച്ച 25ലക്ഷം രൂപ വിനിയോഗിച്ചില്ല. ഈ പണം ഇനിയും വിനിയോഗിക്കാതിരുന്നാൽ 24ശതമാനം പലിശ സഹിതം സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കേണ്ടിവരും.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ബഡ്‌സ് സ്‌കൂൾ ആരംഭിക്കാനായി ജില്ലാ മിഷൻ അനുവദിച്ച 10ലക്ഷം രൂപ ചെലവാക്കിയില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുകയോ അവരുടെ താമസസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പ് വരുത്തുകയോചെയ്തില്ല. പഞ്ചായത്തുകളിലെ ഭക്ഷണ ശാലകളുടെയും ഹോട്ടലുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനോ വിലനിലവാര പട്ടിക പ്രസിദ്ധീകരിക്കുന്നതിനോ നടപടി സ്വീകരിക്കുന്നില്ല .സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള ഭിന്നത കമ്മിറ്റിയുടെ പ്രവർത്തനത്തെ ബാധിച്ചു.
അഞ്ച് അംങ്ങളുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മുസ്ലിംലീഗിലെ സുറുമി ഉമ്മറാണ് ചെയർപേഴ്‌സൺ. ലീഗിലെ തന്നെ സീനത്ത് അസീസ്, സൈനബ കൊച്ചക്കോൻ, എൽ.ഡി.എഫിലെ കെ.ഇ.ഷിഹാബ്, ആമിന മുഹമ്മദ് റാഫി എന്നിവരാണ് അംഗങ്ങൾ. അവിശ്വാസം വെള്ളിയാഴ്ച ചർച്ചചെയ്യും.