വൈപ്പിൻ : കൃത്യമായി പറഞ്ഞാൽ 28 കി.മി നീളമേ വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയ്ക്കുള്ളു. പക്ഷേ ഈ ദൂരപരിധിയിൽ നിത്യേനറോഡപകടങ്ങളും മരണങ്ങളും പതിവാകുന്നു. ജനസാന്ദ്രതയേറിയ ഗ്രാമപ്രദേശമായതിനാൽ വൈപ്പിൻകരയിൽ മുട്ടിന് മുട്ടിന് ബസ് സ്റ്റോപ്പുകളുണ്ട്.
ഇരുഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ നേരേ അപ്പുറവും ഇപ്പുറവുമാണ്. ഈ സ്റ്റോപ്പുകളിൽ ഇരുവശത്തും ബസ് നിർത്തുമ്പോൾ ഇവയ്ക്കിടയിലൂടെയുള്ള ചെറിയ ഗ്യാപ്പിൽ കൂടിയാകും ചെറുവാഹനങ്ങളും ടൂ വീലറുകളും കടന്നുപോകുന്നത്. ചെറുപ്പക്കാരായ ടൂവീലർ യാത്രക്കാരുടെ അക്ഷമ കൂടിയാകുമ്പോൾ അപകടം ഉറപ്പാണ്.
# റോഡിൽ പൊലിയുന്ന യുവത്വം
ഈ റോഡിൽ ജീവൻ പൊലിഞ്ഞ ടൂവീലറുകാർ മിക്കവരും 18 നും 25 നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
ഈ റൂട്ടിൽ ബസ് സ്റ്റോപ്പുകൾ ഉള്ളിടത്തെല്ലാം ഇരുവശങ്ങളിലും ഷോപ്പിംഗ് സെന്ററുകളോ മറ്റ് കച്ചവടസ്ഥാപനങ്ങളോ ഉണ്ട്. കടകളിൽ കയറി ഇറങ്ങുന്നവരും വ്യപാര കേന്ദ്രങ്ങളുടെ സാധന സാമഗ്രികളുമൊക്കെയായി വീതികുറഞ്ഞ റോഡിനോട് ചേർന്ന് തിരക്കായിരിക്കും.
# മീൻവണ്ടികളുടെ മരണപ്പാച്ചിൽ
ഇതിലേ പുലർച്ചെ മുതൽ മത്സ്യംകയറ്റിപ്പോകുന്ന വണ്ടികളുടെ ഓട്ടപ്പാച്ചിൽ മറ്റൊരു ഭീഷണിയാണ്. മീൻ വണ്ടികൾ മൂലം ഉണ്ടാകുന്ന അപകട മരണങ്ങളും നിരവധിയാണ്.
വൈപ്പിൻ ഗോശ്രീ കവലയിൽ
# തിരക്കോടുതിരക്ക്
മത്സ്യവ്യാപാര കേന്ദ്രമായ വൈപ്പിൻ ഗോശ്രീ കവലയിൽ നൂറുകണക്കിനാളുകളാണ് വാഹനങ്ങളിൽ എത്തുന്നത്. ഈ വാഹനങ്ങളും മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളും ഇവിടെ സ്ഥിരം പാർക്ക് ചെയ്യുന്ന ട്രാവലറുകളും കൂടിയാകമ്പോൾ കവലയ്ക്കും പാലത്തിനും ഇടക്കുള്ള റോഡ് മുഴുവൻ കുരുക്കിലാകും. ഇവിടെയും അപകടങ്ങൾ തുടർക്കഥയാണ്.
# പാർക്കിംഗ് കേന്ദ്രങ്ങളാകുന്ന പാലങ്ങൾ
ഈ റൂട്ടിലുള്ള പാലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിടാനാണ് പലർക്കും താത്പര്യം. ഓട്ടം കഴിഞ്ഞ് രാത്രിയിൽ ചില ബസുകളടേയും മീൻ വണ്ടികളടേയും ട്രാവലറുകളുടെയും പാർക്കിംഗ് സ്ഥലമായി പാലങ്ങൾ മാറി. ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു.
# പരിഹാരം തീരദേശപാത
വൈപ്പിൻ മേഖലയിലെ റോഡപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സുഗമാക്കുന്നതിനുമുള്ള ഏക പരിഹാരം വർഷങ്ങളായി പരിഗണിച്ച് വരുന്ന മുനമ്പം - വൈപ്പിൻ തീരദേശപാതയാണ്. നിലവിലെ റൂട്ടിന് സമാന്തരമായി കടലോരത്ത് കൂടിയാണ് ഇത് വിഭാവനം ചെയ്യുന്നത്.
# പരിഹാരം
പൊലീസ്, ഗ്രാമപഞ്ചായത്ത്, മോട്ടോർ വാഹനവകുപ്പ് അധികാരികൾ സംയുക്തമായി രംഗത്തിറങ്ങണം. റോഡരികിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. ടൂവീലറുകളുടെയും മറ്റ് വാഹനങ്ങളുടെയും അമിത വേഗത നിയന്ത്രിക്കണം. പാലങ്ങളിലെ രാത്രികാല പാർക്കിംഗ് ഒഴിവാക്കണം. ഗോശ്രീ കവലയിലെ പാർക്കിംഗ് നിയന്ത്രി
ക്കണം.