maradu-flat-

കൊച്ചി : തീര സംരക്ഷണ നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ മരട് നഗരസഭ നോട്ടീസ് നൽകിയതിനെതിരെ ഫ്ളാറ്റുടമകൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.

സുപ്രീം കോടതി പൊളിച്ചു കളയാൻ നിർദ്ദേശിച്ച ഫ്ളാറ്റുകളിലെ താമസക്കാർക്ക് നോട്ടീസ് നൽകിയതിലെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നാണ് ഹർജിക്കാരായ ഹോളി ഫെയ്ത്ത് എച്ച് ടുഒ യിലെ റിട്ട. കേണൽ കെ.കെ നായർ, ഗോൾഡൻ കായലോരം ഫ്ളാറ്റുടമ എം.കെ പോൾ എന്നിവരുടെ ആരോപണം. ഇത്തരമൊരു വാദത്തിനെന്തു പ്രസക്തിയാണെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. നിയമപ്രകാരം വസ്തു നികുതിയും കെട്ടിട നികുതിയും നൽകിയാണ് ഫ്ളാറ്റിൽ താമസിക്കുന്നതെന്നും ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. കെട്ടിടം നിയമവിരുദ്ധമായ നിർമ്മാണമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. നിയമ വിരുദ്ധമായ കെട്ടിടമാണെങ്കിലും ഒഴിയാൻ മതിയായ സമയം വേണമെന്നായി ഹർജിക്കാർ. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ എങ്ങനെ ഹർജിക്കാർക്ക് തടയാനാവുമെന്ന് സിംഗിൾബെഞ്ച് ചോദിച്ചു. ബിൽഡർമാർക്കല്ലാതെ ഫ്ളാറ്റുടമകൾക്ക് നോട്ടീസ് നൽകിയില്ലേയെന്ന് നഗരസഭയോടും ആരാഞ്ഞു. നോട്ടീസുമായി എത്തിയവരെ താമസക്കാർ തടഞ്ഞെന്നും സുപ്രീം കോടതി വിധിയെത്തുടർന്ന് സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് നോട്ടീസ് നൽകിയതെന്നും മരട് നഗരസഭാധികൃതർ വിശദീകരിച്ചു.

ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടു തേടിയെങ്കിലും സുപ്രീം കോടതിയിൽ വിശദീകരണം നൽകാൻ വെള്ളിയാഴ്ച വരെ സമയം ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി നിയമ ലംഘകർക്കുള്ള ശക്തമായ താക്കീതാണെന്നും അന്തിമ സ്വഭാവത്തിലുള്ള വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് കെട്ടിട നിർമ്മാണം നടത്തിയവർക്കും എന്തു ചെയ്താലും പിന്നീട് നിയമാനുസൃതമാക്കി നൽകുമെന്ന് വിശ്വസിച്ചവർക്കുമുള്ള മറുപടിയാണ് സുപ്രീം കോടതി വിധി. അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.