liabrary
ആലുവ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പൽ ലൈബ്രറി

ആലുവ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പൽ ലൈബ്രറി വളപ്പിൽ കുപ്പിവെള്ള യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.

ലൈബ്രറി സംരക്ഷിക്കാനോ മിനി പാർക്ക് പുനരുദ്ധരിക്കാനോ തയ്യാറാകാത്ത നഗരസഭ അധികാരികൾ ജലമൂറ്റൽ കേന്ദ്രം ആരംഭിക്കാനുള്ള നീക്കം നടത്തുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ പദ്ധതിയുടെ മറവിൽ ചില കൗൺസിലർമാരടക്കമുള്ള സംഘത്തിന് സ്ഥലം കൈമാറാനാണ് നീക്കം. പരിസരവാസികൾ രേഖാമൂലം പരാതി നൽകിയിട്ടും കാര്യമാക്കാതെയാണ് കുടിവെള്ള നിർമ്മാണ യൂണിറ്റിനുള്ള ശ്രമങ്ങൾ നടക്കുന്നത്.
കുഴൽക്കിണർ താഴ്ത്തി വെള്ളം പമ്പ് ചെയ്‌തെടുക്കാനാണ് തീരുമാനം. റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയ വഴി ജലം ശുദ്ധീകരിച്ച് കുപ്പികളിലാക്കി വിൽക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വനിതാ സംരംഭം എന്ന നിലയിൽ 24 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി ആരംഭിക്കുന്നത്. ലൈബ്രറി വളപ്പിലെ രണ്ട് സെന്റിൽ പ്ലാന്റ് സ്ഥാപിക്കും. ബോട്ടിലിംഗ് പ്ലാൻറും ഇതോടൊപ്പം പ്രവർത്തനക്ഷമമാക്കാനും ഉദ്ദേശിക്കുന്നു.

കുടിവെള്ളക്ഷാമത്തിന് ഇടയാക്കുന്ന പദ്ധതി അംഗീകരിക്കാനാകില്ലെന്ന് വാർഡ് കൗൺസിലർ സെബി വി. ബാസ്റ്റിൻ പറഞ്ഞു. അതേസമയം ഇപ്പോൾ പദ്ധതിയെ എതിർക്കുന്ന കൗൺസിലറുടെ കൂടി അംഗീകാരത്തോടെയാണ് കൗൺസിൽ തീരുമാനമെടുത്തതെന്നാണ് നഗരസഭാ അധികാരികളുടെ വിശദീകരണം. വായനശാലയെ സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി ആലുവ മണ്ഡലം എക്‌സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ തീരുമാനം പുന:പരിശോധിക്കണം. വായനശാല നവീകരിച്ച് സാംസ്‌കാരിക സ്ഥാപനമായി നിലനിർത്തണം. കുപ്പിവെള്ള യൂനിറ്റ് തുടങ്ങാൻ നഗരസഭയുടെ മറ്റു ഭൂമികൾ ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു.