ആലുവ: മുന്നണയിലെ തർക്കത്തെത്തുടർന്ന് നഷ്ടപ്പെട്ട ചൂർണിക്കര പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചുപിടിക്കാനൊരുങ്ങി. ഇതിന്റെ ഭാഗമായി അടുത്തദിവസം പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനാണ് തീരുമാനം.
കോൺഗ്രസിലെ ബാബു പുത്തനങ്ങാടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ആറുമാസം തികഞ്ഞ സാഹചര്യത്തിലാണ് അവിശ്വാസത്തിന് നോട്ടീസ് നൽകുന്നത്. നേരത്തെ പ്രസിഡന്റായിരുന്ന എ.പി. ഉദയകുമാർ സി.പി.എം ഏരിയാ സെക്രട്ടറിയായതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് അട്ടിമറിയിലൂടെ ബാബു പുത്തനങ്ങാടി പ്രസിഡന്റായത്. ഇടത് സ്വതന്ത്രൻ പി.കെ. യൂസഫും എൻ.സി.പിയിലെ മനോജ് പട്ടാടും കൂറുമാറി ബാബു പുത്തനങ്ങാടിക്ക് വോട്ട് ചെയ്യുകയായിരുന്നു. ബാബു പുത്തനങ്ങാടിക്കും എൽ.ഡി.എഫിലെ പി.കെ. ഹാരീസിനും തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലാണ് എൽ.ഡി.എഫ് പുറത്തായത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകി മനോജിനെ ദിവസങ്ങൾക്കകം എൽ.ഡി.എഫ് തിരിച്ചുപിടിച്ചെങ്കിലും അവിശ്വാസ നോട്ടീസ് നൽകാൻ ആറ് മാസം കാത്തിരിക്കുകയായിരുന്നു.
എന്നാൽ യൂസഫ് നിലപാടിൽ ഉറച്ചുനിന്നതിനാൽ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി യു.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് തിരിച്ച് പിടിക്കാൻ എൽ.ഡി.എഫിന് കഴിയില്ല. പ്രതിപക്ഷത്തിൻെറ അവിശ്വാസം നേരിടാൻ തയ്യാറാണെന്നും ഭരണം വിലയിരുത്തി കൗൺസിലർമാർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡൻറ് ബാബു പുത്തനങ്ങാടിപ്പറഞ്ഞു. ഭരണം നിലനിർത്താൻ വഴിവിട്ട ഒരു നീക്കവും നടത്തില്ലെന്നും പ്രസിഡന്റ് പറഞ്ഞു.