പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി ഉപയോഗിക്കുന്ന ആംബുലൻസ് കട്ടപ്പുറത്തായിട്ട് വർഷം 3 കഴിഞ്ഞു. എന്നാൽ ഡ്രൈവർ വർഷങ്ങളായി വെറുതെയിരുന്ന് ശമ്പളം പറ്റുന്ന സ്ഥിതിയാണ്. അന്തേവാസികൾക്ക് രാത്രിയിൽ അസുഖം മൂർച്ചിച്ചാൽ ഈ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി സമീപത്തെ ഒരു ലേഡി ഡോക്ടർ അഗതിമന്ദിരത്തിൽ എത്തിയാണ് ചികിത്സ നടത്തുന്നത്. കട്ടപ്പുറത്തായ വാഹനം നന്നാക്കുവാനോ പുതിയ വാഹനം ഇറക്കുവാനോ നഗരസഭാ അധികാരികൾ തയ്യാറാകാത്ത സ്ഥിതിയാണ്.ഇതുമായി ബന്ധപ്പെട്ട് പല സാംസ്ക്കാരിക സംഘടനകളും അഗതിമന്ദിരം ജീവനക്കാരും മേയർ, ഡപ്യൂട്ടി മേയർ എന്നിവർക്ക് പരാതി നൽകിയിട്ടും നാളിതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. നൂറോളം വനിതാ അന്തേവാസികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 35 ആയി കുറഞ്ഞു. പലരും മർദ്ദനം മൂലം മറ്റു പല മന്ദിരത്തിലേക്കും അഭയം പ്രാപിച്ചു.വനിതാ അന്തേവാസിയെ ജീവനക്കാരൻ ദേഹോപദ്രവം ചെയ്ത സംഭവം ചോദ്യം ചെയ്തതിന് 14 വർഷമായി ഇവിടെ അന്തേവാസികൾക്ക് ക്ളാസെടുക്കുന്ന അദ്ധ്യാപികയെ ജോലിയിൽ നിന്നും പിരിച്ച് വിട്ട സംഭവം ഉണ്ടായി.