കൊച്ചി: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്ത് നിന്ന് വി.ആർ.വിജയകുമാറിനെ നീക്കാനുള്ള മണ്ഡലം കമ്മിറ്റിയുടെ നീക്കം പാളി.
നേതാവായി രാധികാ വർമ്മയെ നിയോഗിച്ചുള്ള മണ്ഡലം പ്രസിഡന്റ് മധുവിന്റെ കത്ത് ചെയർപേഴ്സൺ ചന്ദ്രിക ദേവി തള്ളി. പാർട്ടി ജില്ലാ പ്രസിഡന്റ് കത്ത് തന്നാൽ പരിഗണിക്കാമെന്ന് ചന്ദ്രികാദേവി വ്യക്തമാക്കി.

രൂക്ഷമായ വിഭാഗീയതയെ തുടർന്ന് തൃപ്പൂണിത്തുറയിലെ മുതിർന്ന ബി.ജെ.പി നേതാവ് വി.ആർ.വിജയകുമാറിനെ പാർട്ടി ഒരാഴ്ച മുമ്പ് പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. 11ബി.ജെ.പി കൗൺസിലർമാരിൽ നാല് പേർ ഇദ്ദേഹത്തിനൊപ്പമാണ്. ജാതി വിവേചനങ്ങളും അഴിമതിയും മൂലം തൃപ്പൂണിത്തുറയിലെ ബി.ജെ.പി അടിത്തറ തകർന്ന അവസ്ഥയിലാണ്. അതിനിടെയാണ് ഇന്നലെ കൗൺസിൽ യോഗത്തിൽ കത്ത് നൽകി പാർട്ടി നാണം കെട്ടത്.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ച് മണ്ഡലം പ്രസിഡന്റ് പുറത്താക്കിയവരും വി.ആർ വിജയകുമാർ ഉൾപ്പെടെ അഞ്ച് കൗൺസിലർമാരും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിളളയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

വിമതപക്ഷത്തിന്റെ രക്ഷാബന്ധൻ മഹോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ വിജയകുമാറിനെ മർദിച്ചതിന് രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പരാതി പിൻവലിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് വിജയകുമാറിനെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടായത്. തുടർന്ന് നഗരസഭയിൽ മണ്ഡലത്തിലും രണ്ട് വിഭാഗമായ അവസ്ഥയിലാണ് ബി.ജെ.പി.