കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിനുള്ള രണ്ടു ദിവസം പിന്നിട്ടെങ്കിലും ആരും പത്രിക സമർപ്പിച്ചില്ല. മുന്നണി സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നുവെങ്കിലും ധാരണയിലെത്തിയിട്ടില്ല. യു.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ആരെന്ന് വെള്ളിയാഴ്ചയറിയാം. ബി.ജെ.പിയിലും തീരുമാനമായില്ല.
അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഡി.സി.സി പ്രസിഡന്റായ ടി.ജെ. വിനോദായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി. കെ.വി.തോമസ് ഡൽഹിയിലെത്തി സോണിയാഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും മണ്ഡലത്തിലെ കാര്യങ്ങൾ അനുകൂലമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ്, നഗരസഭ ഡെപ്യൂട്ടി മേയർ പദവികളിലുള്ള ടി.ജെ. വിനോദ് മത്സരിക്കുന്നതിലെ എതിർപ്പാണ് ഇന്നലെ നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്‌റ്ററിലൂടെ യൂത്ത്കോൺഗ്രസ് വ്യക്തമാക്കിയത്. വിജയമായിരിക്കണം പ്രധാന ഘടകമെന്നാണ് ഹൈബി ഈഡന്റെ നിലപാട്.
പൊതുസ്വതന്ത്രനെ നിറുത്താനാണ് ഇടതുമുന്നണയുടെ തീരുമാനം. മുൻ എം.പി സെബാസ്‌റ്റ്യൻ പോളിന്റെ മകൻ റോൺ ബാസ്‌റ്റ്യൻ, പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകൻ മനു റോയ് എന്നിവരാണ് പരിഗണനയിൽ. പാർട്ടി സ്ഥാനാർത്ഥി വേണമെന്ന ചിലരുടെ അഭിപ്രായത്തിന് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ പൊതു സ്വതന്ത്രനെന്ന നിലയിൽ സെബാസ്‌റ്റ്യൻ പോൾ നേടിയ അട്ടിമറി വിജയമാണ് ഇടതുമുന്നണിയുടെ മനസു നിറയെ.
ബി.ജെ.പി സ്ഥാനാർത്ഥിയായി ബി. ഗോപാലകൃഷ്‌ണൻ, സി.ജി.രാജഗോപാൽ, ശിവശങ്കരൻ എന്നിവരാണ് പട്ടികയിലുള്ളത്. സംസ്ഥാന നേതാവ് സ്ഥാനാർത്ഥിയാകണമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയാൽ ഗോപാലകൃഷ്‌ണന് നറുക്ക് വീഴും.
നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പോസ്‌റ്റർ
കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ച പുരോഗമിക്കുന്നതിനിടെ നേതാക്കൾക്കെതിരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പോസ്‌റ്റർ. നഗരസഭ ഓഫീസിന് മുന്നിലും ഡി.സി.സി ഓഫീസിന്റെ എതിർവശത്തുമാണ് പോസ്‌റ്ററുകൾ. അധികാരത്തിലുള്ളവരും പലതവണ മത്സരിച്ചതും മാറി നിൽക്കണമെന്നാണ് ആവശ്യം. കൊച്ചിയുടെ വികസനത്തിനായി യുവത്വത്തിന് അവസരം നൽകണമെന്നും പോസ്‌റ്ററിൽ പറയുന്നു. കെ.വി.തോമസ് ഡൽഹിയിലെത്തിയ ചർച്ച നടത്തിയതിന് പിന്നാലെയാണ് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്.
ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്
കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഡി.സി.സി ഓഫീസ് പരിസരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുമായി യൂത്ത് കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് എറണാകുളം പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് എം.വി.രതീഷ് അറിയിച്ചു.
300 അംഗ സ്‌ക്വാഡ്
ഭവനസന്ദർശനത്തിനായി യൂത്ത് കോൺഗ്രസ് മുന്നൂറ് അംഗ സ്‌ക്വാഡ് രൂപീകരിക്കും.യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണിത്.ഒക്ടോബർ 18 ന് വൈകീട്ട് നാലു മണിക്ക് റോഡ്ഷോ നടത്താനും യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു.
സമുദായത്തിന് സ്വീകാര്യമായവരെ പിന്തുണയ്‌ക്കും
ഉപതിരഞ്ഞെടുപ്പിൽ സമുദായത്തിന് സ്വീകാര്യനായ സ്ഥാനാർഥിയെ പിന്തുണയ്‌ക്കുമെന്ന് വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ യോഗങ്ങൾ നടത്തും. യോഗത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ജോസഫ് പടിയാരംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.