കൊച്ചി : ഈദൻ റൊസാന്റോ, ശക്തനും ശുഭാപ്തി വിശ്വാസിയുമെന്നർത്ഥം. സമയത്തിന്റെ കൈപിടിച്ച് വൈദ്യശാസ്ത്ര സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ വന്നവന് ഇതിലും നല്ലൊരുപേരില്ല. നാഗർ കോവിലിൽ നിന്ന് 275 കിലോമീറ്റർ ദൂരം നാലുമണിക്കൂറിനുള്ളിൽ ഓടിയെത്തിച്ച നവജാത ശിശു ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആശുപത്രിയിൽ വച്ച് അച്ഛൻ റോജർ ആൽബർട്ട് നൽകിയ പേരുമായിട്ടവൻ തിരികെ വീട്ടിലേക്ക്. അമ്മ ജൻഷ ഇപ്പോഴും നാഗർകോവിലിലെ ആശുപത്രിയിലാണ്.
ഈ മാസം 18ന് രാവിലെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. രാത്രിയോടെ ശരീരത്തിൽ നീലനിറം വ്യാപിച്ചു. ഹൃദയത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ എറണാകുളം ലിസി ആശുപത്രിയിലേക്ക്. 19ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി എട്ടോടെ ലിസിയിൽ എത്തി. ഡോ. എഡ്വിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഉടൻതന്നെ ബലൂൺ ചികിത്സയ്ക്ക് വിധേയനാക്കി. രക്തചംക്രമണം സാധാരണ നിലയിലായി അപകടനില തരണം ചെയ്തു. ഡോ. തോമസ് മാത്യു, ഡോ. അന്നു ജോസ്, ഡോ. വി ബിജേഷ്, ഡോ. ജസ്സൻ ഹെൻറി എന്നിവർ ചികിത്സയിൽ പങ്കാളികളായി. ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിലുള്ള വൈദികരും ഡോക്ടർമാരും ജീവനക്കാരും മധുരം പങ്കുവച്ച് കുഞ്ഞിനെ യാത്രയാക്കി. ബന്ധുക്കളായ സ്റ്റെഫി റോഷൻ, ലിസി എഡ്ഗാർ, ചേട്ടന്റെ കുട്ടിയായ ഫിഡ സാവിയോ എന്നിവരും ചടങ്ങിനെത്തിയിരുന്നു.