കൊച്ചി: സോഷ്യൽമീഡിയയും സിനിമയും വില്ലനായപ്പോൾ കേരളത്തിലെ അവയവദാനം നന്നേ കുറഞ്ഞു.

2016 ൽ അവയവദാനത്തിന് സമ്മതിച്ച് 72 ദാതാക്കളെത്തിയപ്പോൾ

2017ൽ വെറും 18 ദാതാക്കളാണെത്തിയത്.

2018ൽ അത് എട്ടായി ചുരുങ്ങി.

2019ൽ ഇതുവരെ 17 പേർ

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ കേരള നെറ്റ്‌വർക്ക് ഒഫ് ഓർഗൻ ഷെയറിംഗ് അരയും തലയും മുറുക്കി രംഗത്തെത്തി. 2019ൽ ഇതുവരെ 17 പേർ അവയവദാനത്തിന് സമ്മതിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് അവർ.

മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ ബന്ധുക്കളാണ് അവയവദാനത്തിന് സമ്മതമേകേണ്ടത്.

രണ്ടുവർഷം മുമ്പിറങ്ങിയ സിനിമയുടെ ചുവട് പിടിച്ചും അല്ലാതെയും സോഷ്യൽമീഡിയയിലൂടെ അവയവദാനത്തെ കുറിച്ച് തെറ്റായ വാർത്തകൾ പരന്നപ്പോൾ അവയവം ദാനമേകാൻ പലരും മടിച്ചു.

ആരോഗ്യരംഗത്ത് ഏറ്റവും മുന്നിലെന്ന് അഹങ്കരിച്ച കേരളത്തിന് അടിയായി ഇത്. അവയവത്തിനായി കാത്തിരിക്കേണ്ടെന്ന് ഡോക്ടർമാർക്ക് രോഗികളോട് തുറന്നുപറയേണ്ടി വന്നു. പലരും കേരളത്തിന് പുറത്തെ ആശുപത്രികളിൽ അഭയം തേടി. കേരളത്തിൽ 10 ലക്ഷത്തിനുള്ളിൽ ചെലവ് വരുന്ന ഹൃദയശസ്ത്രക്രിയയ്ക്ക് അയൽസംസ്ഥാനത്ത് 30 ലക്ഷം രൂപ നൽകേണ്ടി വന്നു. നിരവധി രോഗികൾ മരണപ്പെട്ടു.

"സർക്കാരിന്റെ ഡോക്ടറടക്കം നാലുപേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. സുതാര്യമാണ് കാര്യങ്ങൾ. തെറ്റിദ്ധാരണ നീങ്ങി ആളുകൾ അവയവദാനത്തിനായി തയ്യാറാകണം. ഒരു ദാതാവിൽ നിന്ന് എട്ടുപേർക്കെങ്കിലും പുതുജീവിതം നൽകാനാവും. പഴയത് പോലെ അവയവദാന ശസ്ത്രക്രിയകൾ നടത്തുകയാണ് ലക്ഷ്യം."

ഡോ. ഉഷ സാമുവൽ

നോഡൽ ഓഫീസർ

കേരള നെറ്റ്‌വർക്ക് ഒഫ് ഓർഗൻ ഷെയറിംഗ്

വർഷം - ദാതാക്കൾ - ഹൃദയം - ലിവർ - കിഡ്നി - പാൻക്രിയാസ് - ചെറുകുടൽ - ശ്വാസകോശം - കൈ

2012 -09-00-04-18-00-00-00-00

2013 -36-06-23 -59 - 00 - 00 - 00 - 00

2014 -58 - 06 - 44 -104 - 01 - 01-00 - 00

2015 -76 - 14 - 62 -132 - 02 -01 -02 -04

2016 -72 - 18 - 64 - 113 -01 -01 - 00 -02

2017 -18 - 05 - 15 -34 -03 -00 -01 -02

2018 -08 - 04 - 07 - 14 -01 -00 -01 -02

2019 -16 - 03 - 12 -28 -03 -00 -00 - 00