കൊച്ചി: മെട്രോയ്ക്ക് വേണ്ടി പൊളിച്ചു മാറ്റുന്ന തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്‌ഷനിലെ ശ്രീനാരായണഗുരുമന്ദിരത്തിന് പകരമായി സമീപത്തു തന്നെ പ്രൗഡഗംഭീരമായ പുതിയ ഗുരുമണ്ഡപവും ഗുരുദേവ പ്രതിമയും സ്ഥാപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചെട്ടുപറമ്പിൽ സി.കെ.സജീവൻ ഇതിനാവശ്യമായ സ്ഥലം തൃപ്പൂണിത്തുറ ടൗൺ നടാമ ശാഖായോഗത്തിന് കൈമാറി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രക്ഷാധികാരിയായി തൃപ്പൂണിത്തുറ മേഖലയിൽ പ്രവർത്തിക്കുന്ന ഇരുപതോളം ശാഖാ യോഗങ്ങളെ ഉൾപ്പെടുത്തി കണയന്നൂർ യൂണിയൻ രൂപീകരിച്ചിട്ടുള്ള എസ്.എൻ.ഡി.പി കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് പുതിയ ഗുരുമന്ദിരത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. നിർദിഷ്‌ട മെട്രോ സ്റ്റേഷന്റെ രൂപരേഖയ്ക്കും എസ്.എൻ.ജംഗ്‌ഷന്റെ വികസന പ്ളാനുകൾക്കും അനുയോജ്യമായ വിധത്തിലാവും പുതിയ മണ്ഡപത്തിന്റെ രൂപകല്പന. ഗതാഗതത്തെ ബാധിക്കാത്തവിധത്തിലാവും നിർമ്മാണപ്രവർത്തനങ്ങൾ നടത്തുക.
കണയന്നൂർ യൂണിയന്റെയും എസ്.എൻ.ഡി.പി കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും ചെയർമാൻ മഹാരാജാ ശിവാനന്ദൻ, വൈസ് ചെയർമാൻ എൽ.സന്തോഷ്, ജനറൽ കൺവീനർ പി.ഡി.ശ്യാംദാസ്, ചീഫ് കോ ഓർഡിനേറ്ററും നടാമ ശാഖ പ്രസിഡന്റുമായ അഡ്വ.പി.രാജൻ ബാനർജി, ജോയിന്റ് കൺവീനർ എം.ഡി.അഭിലാഷ് എന്നിവർ വാർത്താസമ്മേനത്തിൽ പങ്കെടുത്തു.
പുതിയ മണ്ഡപത്തിന്റെ ശിലാസ്ഥാപനം അടുത്തമാസം ശിവഗിരി മഠാധിപതി നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ശിവഗിരി മഠവുമായി ചേർന്ന് ജനകീയ സംരംഭമായാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.