farm
വണ്ടിപ്പേട്ടയിലെ കോഴിഫാമിലെ ഷെഡിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കോലഞ്ചേരി: വണ്ടിപ്പേട്ടയിൽ അനധികൃത കോഴി ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ ഉടമയക്ക് തിരുവാണിയൂർ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. . പഞ്ചായത്തു ലൈസൻസോ മ​റ്റേതെങ്കിലും സർക്കാർ വകുപ്പുകളുടെ അനുമതിയോ ഇല്ലാതെ വർഷങ്ങളായി അനധികൃതമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരികയായിരുന്നു. ചോർന്നൊലിക്കുന്ന ഷെഡിൽ 1500 കോഴികളെയാണ് വളർത്തിയിരുന്നത്.
ഒരു കോഴി ഫാം പ്രവർത്തിപ്പിക്കുന്നതിന് അടിസ്ഥാനപരമായി പാലിക്കേണ്ട ശുചീകരണ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല.അസഹ്യമായ ദുർഗന്ധം മൂലം സമീപത്തുള്ള കുടുംബങ്ങൾക്ക് സ്വന്തം വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ.കുട്ടികൾക്ക് പലപ്പോഴുംഛർദ്ദി .ഫാമിന്റെ 10 മീ​റ്ററിനുള്ളിൽ തന്നെമൂന്ന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സമീപത്തുകൂടി കടന്നു പോകുന്ന കൈത്തോടും ഈ കോഴിഫാം മലിനമാക്കുന്നു.
തിരുവാണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എൻ.വിനയകുമാർ, ടി.എസ്.അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ അവഗണിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ഫാമുകൾക്കെതിരെ കർശനമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. എം.രാജലക്ഷ്മി അറിയിച്ചു.