കൊച്ചി: കേരളത്തിന് പുറത്തുള്ളതിനേക്കാൾ ചുരുങ്ങിയ നിരക്കിലാണ് കേരളത്തിൽ ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നതെന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ
കാർഡിയോ വാസ്‌കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം തലവൻ ഡോ. പ്രവീൺ വർമ പറഞ്ഞു. രണ്ടരവർഷത്തിന് ശേഷം അമൃത ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര സ്വദേശി ദിനിൽകുമാറിനാണ് ആഗസ്റ്റ് 29ന് ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അപകടത്തിൽ മസ്തിഷ്ക മരണമടഞ്ഞ ചെല്ലാനം സ്വദേശി ജ്യോതിഷിന്റെ
ഹൃദയമാണ് ദിനിലിൽ വച്ചുപിടിപ്പിച്ചത്.
തലച്ചോറിന്റെ മരണം സാക്ഷ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ദുഷ്പ്രചാരണങ്ങളും നിമിത്തം കേരളത്തിൽ ശസ്ത്രക്രിയകളുടെ എണ്ണം കുറഞ്ഞിരുന്നു. അവയവദാതാക്കളുടെ കുറവുമൂലം ഒരുവർഷം കാത്തിരുന്ന ശേഷമാണ് ദിനിലിന് ജ്യോതിഷിന്റെ ഹൃദയം ലഭിച്ചത്. അവയവദാനത്തെ കുറിച്ച് കൂടുതൽ അവബോധം സമൂഹത്തിൽ വരേണ്ടതുണ്ടെന്ന് കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് കൊച്ചി പ്രാദേശിക കേന്ദ്രത്തിലെ നോഡൽ ഓഫീസർ ഡോ. ഉഷ സാമുവൽ പറഞ്ഞു. അമൃതയിലെ ഡോക്ടർമാരായ ഡോ. ഹിഷാം, ഡോ. കിരൺ ഗോപാൽ, ശസ്ത്രക്രിയയ്ക്ക് വിധേയനായ ദിനിൽ, അമ്മ ലളിത, ഹൃദയം നൽകിയ ജ്യോതിഷിന്റെ സഹോദരൻ ജിതേഷ്, അമ്മാവൻ അജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.