കൊച്ചി: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമാകുമെന്നും വിശ്വാസ കാര്യങ്ങളിൽ വിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാരിന് വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും അയ്യപ്പധർമ്മസേന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ശബരിമല വിഷയത്തിൽ കോടതിയിൽ ആചാരസംരക്ഷണ നിലപാട് സ്വീകരിച്ചത് വിശ്വാസികൾക്ക് ആശ്വാസകരമായ കാര്യമാണ്. ഈ സാഹചര്യം മുൻനിറുത്തി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കോന്നി മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞു. അയ്യപ്പധർമ്മസേന ദേശീയ സെക്രട്ടറി ഷെല്ലി രാമൻപുരോഹിത്, സംസ്ഥാന സെക്രട്ടറി സുനിൽ വളയംകുളം, വേണുഗോപാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.