മരട് (കൊച്ചി) : 'വെള്ളവും വെളിച്ചവും കൂടി ഇല്ലാതായാൽ ഞങ്ങളിനി എന്ത് ചെയ്യും. ഫ്ലാറ്റിൽ ജീവിക്കുന്ന ഞങ്ങളും മനുഷ്യരാണ്. സ്ഥലം വാങ്ങി വീട് വയ്ക്കാൻ പണമില്ലാത്തതിനാലാണ് ഫ്ലാറ്റ് വാങ്ങിയത്. പോകാൻ മറ്റൊരിടമില്ല' -അമ്പത്തിയേഴുകാരിയായ റീത്ത ശശീന്ദ്രൻ കണ്ണീരോടെ പറഞ്ഞു. ജീവിതത്തിൽ തനിച്ചായപ്പോൾ കൂട്ടിന് തൊട്ടടുത്ത് ആളുകളുണ്ടല്ലോയെന്ന ആശ്വാസത്തിലാണ് ഫ്ളാറ്റിൽ ജീവിച്ചിരുന്നത്. അതും നഷ്ടപ്പെടുമെന്ന ആധിയിൽ നീറുകയാണ് റീത്ത.
മരടിൽ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽ റീത്തയെപ്പോലെ നിരവധി വൃദ്ധരുണ്ട്. വെള്ളവും വൈദ്യുതിയും പാചകവാതകവും നിഷേധിക്കുന്നതോടെ എന്തു ചെയ്യണമെന്ന് ആർക്കും ഒരു പിടിയുമില്ല. 'കുടിവെള്ളം പോലും നിഷേധിച്ച് കൊല്ലാക്കൊല ചെയ്യാൻ മാത്രം തങ്ങളെന്ത് കുറ്റം ചെയ്തെന്നാണ് അവർ ചോദിക്കുന്നത്.
പൊളിച്ചുനീക്കുന്ന നാലു ഫ്ളാറ്റുകളിൽ ഏറ്റവും പഴയതാണ് ഗോൾഡൻ കായലോരം. ദേശീയപാതയിൽ കണ്ണാടിക്കാട്ട് ചമ്പക്കര കായലിന്റെ തീരത്താണ് ഫ്ളാറ്റ്.
2007 ലാണ് റീത്ത കായലോരത്ത് ഫ്ളാറ്റ് വാങ്ങിയത്. ഭർത്താവ് ശശീന്ദ്രൻ ഏതാനും വർഷം മുമ്പ് മരിച്ചതോടെ തനിച്ചായി. അംഗൻവാടി അദ്ധ്യാപികയായിരുന്നു റീത്ത. നാട്ടിലെ സ്വത്ത് വിറ്റും മറ്റുമാണ് ഫ്ളാറ്റ് വാങ്ങിയത്. ഒരു മകനുണ്ടെങ്കിലും മറ്റൊരിടത്താണ് താമസം.
റീത്തയെപ്പോലെ അഞ്ചു പേർ കായലോരത്ത് തനിച്ചു താമസിക്കുന്നുണ്ട്. സർക്കാർ ജോലിയിൽ നിന്നുൾപ്പെടെ വിരമിച്ചവരും മറ്റുമാണ് കൂടുതൽപേരും. ഹൃദ്രോഗിയായ കുര്യൻ, രോഗികളായ ഫ്രാൻസിസ്, പോൾ തുടങ്ങിയവർ ഇവരിൽപ്പെടും. ഒഴിപ്പിക്കപ്പെടുമെന്ന് ഉറപ്പായതിന്റെ ആശങ്കയിൽ സംസാരിക്കാൻ പോലും ഇവർ മടിക്കുകയാണ്. മറ്റു മൂന്ന് ഫ്ലാറ്റുകളിലെയും അവസ്ഥ സമാനമാണ്. എന്നാൽ ആ ഫ്ലാറ്റുകളിലേക്ക് മാദ്ധ്യമപ്രവർത്തകരെപ്പോലും കയറ്റാൻ ഉടമകൾ തയ്യാറായില്ല. ഫ്ലാറ്റിൽ എത്രപേരുണ്ടെന്നോ എന്താണ് അവസ്ഥയെന്നോ പോലും അവർ പറയുന്നില്ല.
'നിങ്ങൾക്കിനി ഇതൊക്കെ അറിഞ്ഞിട്ട് എന്ത് വേണം, എന്തായാലും ഞങ്ങളെ പുറത്താക്കാൻ പോകുകയല്ലേയെന്നാണ് ഫ്ളാറ്റ് ഉടമകൾ ചോദിക്കുന്നത്. പൊളിക്കൽ ഉറപ്പായതോടെ മാനസികസമ്മർദ്ദം താങ്ങാനാവാത്ത വൃദ്ധരിൽ പലരെയും അടുത്ത ബന്ധുക്കളുടെ വീടുകളിലാക്കിയാണ് മറ്റംഗങ്ങൾ ഇപ്പോഴും ഫ്ളാറ്റുകളിൽ താമസിക്കുന്നത്. തങ്ങൾ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ വൈദ്യുതി ഉൾപ്പെടെ നിഷേധിക്കുന്നത് അനീതിയാണെന്ന് കായലോരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് പറഞ്ഞു.
മാനസിക സമ്മർദ്ദത്തിൽ കുട്ടികളും
ഫ്ളാറ്റ് പൊളിക്കലിന്റെ പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ ആശ്വസിപ്പിക്കാനും കുടുംബാംഗങ്ങൾ വിഷമിക്കുകയാണ്. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്ക മാത്രമല്ല, സഹപാഠികളുടെ കളിയാക്കലും ഇവരെ വിഷമിപ്പിക്കുന്നു."കായൽ കൈയേറിയവരെന്ന് പറഞ്ഞ് സ്കൂളിൽ സഹപാഠികൾ കളിയാക്കി. ഞങ്ങൾ ഒരു തെറ്റും ചെയ്തില്ലല്ലോ." ഒരു വിദ്യാർത്ഥി പറഞ്ഞതിങ്ങനെ. നാലു ഫ്ളാറ്റുകളിലായി 18 വയസിൽ താഴെയുള്ള നൂറോളം വിദ്യാർത്ഥികളുണ്ട്.
കടുത്ത സമ്മർദ്ദത്തിൽ
കടുത്ത മാനസികവിഷമം കുട്ടികൾ നേരിടുകയാണ്. ഞാനുൾപ്പെടെ സമിതി അംഗങ്ങൾ കുട്ടികളെ കണ്ടിരുന്നു. കൗൺസിലർമാരും കുട്ടികളുമായി സംസാരിച്ചു. പഠനം മുടങ്ങുമെന്ന ആശങ്കയാണ് കുട്ടികൾ കൗൺസിലർമാരുമായി പങ്കുവച്ചത്.