municipal-jn-north-paravu
അപകട സാധ്യതയുള്ള മുനിസിപ്പൽ കവലയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾ.

#മുനിസിപ്പൽ കവലയ്ക്ക് സമീപം രണ്ട് സ്കൂളുകൾ

പറവൂർ: ദേശിയപാതക്കിരുവശവും രണ്ട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പറവൂർ മുനിസിപ്പൽ കവലയിലെ ബസ് സ്റ്റോപ്പ് വിദ്യാർത്ഥികൾക്ക് അപകട സാധ്യതയുണ്ടാക്കുന്നു. നഗരത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളായ ഗവ.ഹയർ സെക്കൻഡറി സ്കൂളും ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുമാണ് മുനിസിപ്പൽ കവലയ്ക്ക് സമീപത്തുള്ളത്. മൂന്നു ഭാഗത്തു നിന്നും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനു സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. കണ്ടെയ്നർ ലോറികളടക്കം ഇരു ഭാഗത്തേക്കും വരുന്ന വാഹനങ്ങൾക്കിടയിലൂടെ ചാടികടന്നാണ് ഇവർ സ്റ്റോപ്പുകളിലെത്തുന്നത്. അവസരം നോക്കി കൂട്ടം കൂട്ടമായാണ് കുട്ടികൾ റോഡ് മുറിച്ചു കടക്കുന്നത്. ചില വാഹനങ്ങൾ നിർത്താതെ പോകുന്നതും ഡ്രൈവർമാരുടെ രൂക്ഷമായനോട്ടവും ചീത്തപറച്ചിലും കേട്ടാണ് കുട്ടികൾ സ്റ്റോപ്പുകളിൽ എത്തുന്നത്. സ്കൂൾ വിടുന്ന സമയത്തെങ്കിലും മുനിസിപ്പൽ കവലയിൽ ട്രാഫിക് വാർഡൻമാരുടെ സഹായമുണ്ടാകണമെന്നാണ് അധികൃതരോട് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ആവശ്യം.

#നോക്കുകുത്തിയായി പൊലീസ്

ട്രാഫിക് പൊലീസ് യൂണിറ്റും ഹൈവേ പൊലീസും പൊലീസ്കൺട്രോൾ റൂം വാഹനവും കൂടാതെ ലോക്കൽ പൊലീസിന്റെയും സാന്നിദ്ധ്യം നഗരത്തിലുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷയക്കായി ഇവരാരുമെത്താറില്ല.