പറവൂർ: പറവൂർ ഗവ.ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഇത്തവണ അവരുടെ ക്ളാസ് ലീഡറെ തിരഞ്ഞെടുത്തത് രഹസ്യ ബാലറ്റിലൂടെ. പോളിംഗ് ഓഫീസറും പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഏജന്റും വോട്ടെണ്ണലും നിർവഹിച്ചത് വിദ്യാർത്ഥികൾ തന്നെ. കൈ പൊക്കി ക്ലാസ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന പരമ്പരാഗത രീതിയാണ് കുട്ടികൾ മാറ്റിയെടുത്തത്. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഒരു ക്ലാസ് മുറി പോളിംഗ് ബൂത്തായി ഒരുക്കി. ബൂത്തിന് വെളിയിൽ ക്ലാസ് തിരിച്ച് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ എഴുതിയ നോട്ടീസും പതിച്ചിരുന്നു. ഒരു ക്ലാസിന്റെ വോട്ടിംഗ് പൂർത്തിയായ ശേഷമായിരുന്നു തൊട്ടടുത്ത ക്ലാസിലേത്. നേരിട്ടുള്ള മത്സരവും നാല് സ്ഥാർത്ഥികൾ വരെ മത്സരിച്ച ക്ലാസുകളും ഉണ്ടായിരുന്നു. 169 പേരിൽ 148 പേർ വോട്ട് ചെയ്തു. വോട്ടെടുപ്പ് പൂർത്തിയാക്കി ആറ് പെട്ടികളും പേപ്പറും പശയും ഉപയോഗിച്ച് സീൽ ചെയ്തു. അര മണിക്കൂറിന് ശേഷം വോട്ടെണ്ണൽ. അഞ്ചാം ക്ലാസിലെ പെട്ടിയാണ് ആദ്യം പൊട്ടിച്ചത്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ അഞ്ചാം ക്ലാസിലെ മഞ്ചിമ മനോജ്, ആറാം ക്ലാസിലെ ലീഷ്മ ലാൽ, ഏഴാം ക്ലാസിലെ ആൻമരിയ, എട്ടാം ക്ലാസിലെ മിൻസ ഫിലമിൻ, ഒമ്പതാം ക്ലാസിലെ ജോബിറ്റ ജൂഡ്, പത്താം ക്ലാസിലെ ഭവ്യ എസ്. അശോക് എന്നിവരാണ് വിജയികൾ. സ്കൂളിലെ സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപിക വി.വി. അനിത കുട്ടികളെ സഹായിച്ചത്.
ഒമ്പതാം ക്ലാസിലെ ടി.ആർ. അനീറ്റയായിരുന്നു ഫസ്റ്റ് പോളിംഗ് ഓഫീസർ. ഫസ്റ്റ് പോളിംഗ് ഓഫീസർ ഐ.ഡി കാർഡ് പരിശോധിച്ച ശേഷം ഉറക്കെ പേര് വിളിച്ചു. എട്ടാം ക്ലാസുകാരിയായ പോളിംഗ് ഓഫീസർ എം.ആർ. അഞ്ചന രജിസ്റ്റിൽ വോട്ടറുടെ പേരെഴുതി ഒപ്പിടുവിച്ചു. രണ്ടാം പോളിംഗ് ഓഫീസർ ഒമ്പതാം ക്ലാസിലെ അർച്ചന ജ്യോതിലാൽ വിരലിൽ മഷി പുരട്ടിയ ശേഷം ബാലറ്റ് പേപ്പർ നൽകി. പത്താം ക്ലാസിലെ കെ.വി.അഞ്ചലിയായിരുന്നു പ്രിസൈഡിംഗ് ഓഫീസർ. കുറച്ച് മാറി പ്രത്യേകം കാർബോർഡു കൊണ്ട് മറച്ച് തയ്യാറാക്കിയ സ്ഥലത്താണ് സീലും പാഡും വച്ചിരുന്നത്.