കൊച്ചി : കോതമംഗലം ചെറിയ പള്ളിയിൽ കബറടക്കിയിട്ടുള്ള എൽദോ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പള്ളിയിൽ നിന്ന് നീക്കിയിട്ടില്ലെന്ന പൊലീസിന്റെ വിശദീകരണത്തെത്തുടർന്ന് നിലവിലെ സ്ഥിതി തുടരാൻ നിർദ്ദേശിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി. സുപ്രീം കോടതി വിധിയെ തുടർന്ന് പള്ളി വിട്ടുകിട്ടാൻ ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി ഉചിതമായ ബെഞ്ച് പരിഗണിക്കും. സെപ്തംബർ 19 ന് യാക്കോബായ വിഭാഗം പള്ളിയിൽ അതിക്രമിച്ചു കയറി എൽദോ മാർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് ഫാ. തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.

 ബലം പ്രയോഗിച്ചാൽ ജീവഹാനിയുണ്ടാകും : പൊലീസ്

കോതമംഗലം ചെറിയ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ബലം പ്രയോഗിച്ചാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ജീവഹാനിയുണ്ടാകുമെന്നും ആരാധനാലയമായതിനാൽ വെടിവയ്പും ടിയർ ഗ്യാസും ഒഴിവാക്കി സമാധാനപരമായി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സെപ്തംബർ 19 ന് വൈകിട്ട് പള്ളിയിൽ നിന്ന് എൽദോ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കടത്തിക്കൊണ്ടുപോയെന്ന പരാതിയെത്തുടർന്ന് പൊലീസ് പരിശോധന നടത്തി. ഇത്തരമൊരു സംഭവമുണ്ടായില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഹർജിക്കാരനായ ഫാ. തോമസ് പോൾ റമ്പാൻ വൈകിട്ട് ഏഴു മണിയോടെ പള്ളിയിൽ പ്രവേശിക്കാനെത്തുമെന്ന് അറിയിച്ചു. അദ്ദേഹം വന്നപ്പോഴേക്കും യാക്കോബായ വിഭാഗം വാഹനം തടഞ്ഞു. ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ച മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. ഹർജിക്കാരന്റെ വാഹനത്തിനും കേടുപാട് സംഭവിച്ചു. എതിർപ്പിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാനാവില്ലെന്ന് വ്യക്തമായതോടെ ഫാ. തോമസ് പോൾ റമ്പാൻ സ്വമേധയാ പിൻവാങ്ങി. മതിയായ സുരക്ഷക്ക് പൊലീസിനെ വിന്യസിക്കാൻ സമയം നൽകിയാലേ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി ഹർജിക്കാരനെ പള്ളിയിൽ പ്രവേശിപ്പിക്കാനാവൂ എന്ന് അറിയിച്ചിട്ടുണ്ട്. ഹർജിക്കാരൻ നേരത്തെ യാക്കോബായ വിഭാഗത്തിലായിരുന്നു. കേസു തർക്കത്തിനിടെ ഓർത്തഡോക്സ് വിഭാഗത്തിനൊപ്പം പോയി. ഇതിനാൽ യാക്കോബായ വിഭാഗത്തിന് ഹർജിക്കാരനോടു ശത്രുതയുണ്ട്. സുപ്രീം കോടതി വിധി സമാധാനപരമായി നടപ്പാക്കാൻ യാക്കോബായ വിഭാഗം കേസ് തോറ്റെന്നും ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ വിധി നടപ്പാക്കാൻ അധികൃതർ ബാദ്ധ്യസ്ഥരാണെന്നും വിശ്വാസികളെ ബോദ്ധ്യപ്പെടുത്തണം. - കോതമംഗലം സി.ഐ ടി.എ. യൂനൂസ് നൽകിയ പ്രാഥമിക വിശദീകരണ പത്രികയിൽ പറയുന്നു.