ksrtc
പൊളിച്ചിട്ടിരിക്കുന്ന ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്

ആലുവ: കനത്ത മഴയത്ത് കയറി നിൽക്കാനൊരിടം പോലുമില്ലാതെ വിഷമിക്കുകയാണ് ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തുന്ന യാത്രക്കാർ. നവീകരണത്തിന്റെ ഭാഗമായി ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പൊളിക്കുന്നതിനായി ജൂൺ എട്ട് മുതലാണ് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയത്. ജൂലായ് മൂന്നാം വാരമായപ്പോഴേക്കും യാത്രക്കാർക്ക് താത്കാലിക ഷെൽട്ടർ നിർമ്മിക്കുമെന്ന് അധികാരികൾ പ്രഖ്യാപിച്ചതാണ്. പക്ഷെ ഒന്നും നടപ്പാക്കാതെ യാത്രക്കാരെ വെല്ലുവിളിക്കുകയാണ് അധികാരികൾ.

ആറ് കോടി രൂപയുടെ നവീകരണമാണ് ഇവിടെ നടപ്പാക്കുന്നത്. രണ്ടരമാസം മുമ്പാണ് ഡിപ്പോ കെട്ടിടം പൂർണമായി പൊളിച്ചത്. എന്നാൽ ഡിപ്പോയുടെ രൂപരേഖയിൽ വരുത്തിയ മാറ്റം പുനർനിർമ്മാണം അനിശ്ചിതത്വത്തിലാക്കി. സാങ്കേതിക തടസങ്ങൾ നീക്കി കെട്ടിടനിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് അധികാരികൾ പറയുന്നത്.

കെട്ടിടം പൊളിക്കുമ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗികമായി സ്വകാര്യ സ്റ്റാൻഡിലായിരുന്നു. ദീർഘദൂര ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനവും നിഷേധിച്ചിരുന്നു. എന്നാൽ കെട്ടിടം പണി അനിശ്ചിതത്വത്തിലായപ്പോൾ ദീർഘദൂര ബസുകൾ ഒഴികെയുള്ളവയെല്ലാം സ്റ്റാൻഡിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.

ബി.ജെ.പി എ.ടി.ഒയെ ഉപരോധിച്ചു

കൃത്യമായ രൂപരേഖ ഇല്ലാതെ പഴയകെട്ടിടം പൊളിക്കുകയും യാത്രക്കാരെ പെരുവഴിയിലാക്കിയും അഴിമതിക്ക് കളമൊരുക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി എ.ടി.ഒയെ ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, ജനറൽ സെക്രട്ടറി പി. ഹരിദാസ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ് കുമാർ, യുവമോർച്ച സംസ്ഥാന സമിതി അംഗം രാജീവ് മുതിരക്കാട്, മോഹൻ, ബേബി നമ്പേലി, എബി ജോസ്, ഗോപകുമാർ, ഇല്ലിയാസ് അലി, കെ. രഞ്ജിത്കുമാർ, രാജേഷ് കുന്നത്തേരി തുടങ്ങിയവർ നേതൃത്വം നൽകി.

ഷെൽട്ടർ ഉടൻ നിർമ്മിക്കും

ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാർക്കുള്ള താത്കാലിക ഷെൽട്ടർ ഉടൻ നിർമ്മിക്കും. ഷെൽട്ടറിന്റെ മേൽക്കൂരയോട് ചേർന്ന് പരസ്യബോർഡ് സ്ഥാപിക്കുന്നതിനാണ് അനുമതി നൽകിയിരുന്നത്. ഇതിന് വിരുദ്ധമായി കരാറുകാരൻ ബോർഡ് സ്ഥാപിക്കാൻ ശ്രമിച്ചതാണ് നിർമ്മാണം വൈകാൻ കാരണം. മറ്റൊരു കരാറുകാരൻ ഉടൻ ഷെൽട്ടർ സ്ഥാപിക്കും.

അൻവർ സാദത്ത് എം.എൽ.എ

ജനകീയവിശ്രമകേന്ദ്രം നിർമ്മിക്കും

ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജനകീയ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് യുവമോർച്ച സംസ്ഥാന സമിതിയംഗം രാജീവ് മുതിരക്കാട് അറിയിച്ചു. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ഗാന്ധിജയന്തി ദിനത്തിൽ വിശ്രമകേന്ദ്രം നിർമ്മിക്കും. ബസ് സ്റ്റാൻഡ് പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ബദൽ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവമോർച്ചയുടെ പ്രഖ്യാപനം.