പെരുമ്പാവൂർ : മൂന്ന് പ്രാവശ്യം ടെൻഡർ നടപടികൾ ആരംഭിച്ചിട്ടും റോഡ് പ്രവൃത്തികൾ ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ല. പൊതുതി​രഞ്ഞെടുപ്പ് സമയത്തെ മാതൃക പെരുമാറ്റച്ചട്ടവും പിന്നീട് വന്ന മഴക്കാലവും റോഡ് നിർമാണത്തി​ന് തടസമായെന്ന് പൊതുമരാമത്ത് അധി​കൃതർ. മണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഉദ്യോഗസ്ഥർഇക്കാര്യം അറിയിച്ചത്. എൺപത്തി ഒന്ന് കോടി രൂപയുടെ റോഡ് നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ പെരുമ്പാവൂർ മണ്ഡലത്തിൽ സ്തംഭനാവസ്ഥയിലാണെന്ന് എം.എൽ.എ പറഞ്ഞു. മഴയ്ക്ക് ശേഷം എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പുതിയതായി ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിന് തടസം സൃഷ്ടിച്ചു. മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുവാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദ്ദേശിച്ചു. നവീകരണ പ്രവർത്തനങ്ങൾക്ക് കലക്ടറുടെ അനുമതി ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.പി വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം സലിം, എം.എ ഷാജി, സ്വാതി റെജികുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ നിഷ വിനയൻ, വൈസ് പ്രസിഡന്റുമാരായ ബിന്ദു നാരായണൻ, മായാ കൃഷ്ണകുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വത്സല രവികുമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ഉഷസ് എം.വി, സുനിത കെ.സി, സരിക ടി.എസ്, അർച്ചന എ.ഇ എന്നിവർ സംബന്ധിച്ചു.

ഇഴയുന്നു, 37 റോഡുകൾ

നിർമ്മാണം തുടങ്ങിയ മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്, രണ്ട് വർഷം മുൻപ് ഭരണാനുമതി ലഭിച്ച വല്ലം ഇരിങ്ങോൾ റിംഗ് റോഡ്, പുല്ലുവഴി പാണിയേലിപ്പോര് റോഡ് എന്നിവയുടെ നടപടി ക്രമങ്ങൾ വിവിധ കാരണങ്ങളാൽ ഇഴഞ്ഞു നീങ്ങുകയാണ്. ഈ റോഡിൽ മുൻപ് സർവ്വേ നടപടികൾ പൂർത്തികരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും നാല് ചെറിയ പാലങ്ങൾ ഈ റോഡിൽ നിർമ്മിക്കേണ്ടതിനാൽ മണ്ണ് പരിശോധന കൂടി നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കിഫ്ബി ഓഫിസിൽ നിന്നും ആവശ്യപ്പെട്ടു. കൂടാതെ മണ്ഡലത്തിലെ മുപ്പത്തി ഏഴ് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാനുള്ളത് .

മുടങ്ങി​യത് 81 കോടി​യുടെ പ്രവർത്തനങ്ങൾ