പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി അഗതിമന്ദിരത്തിൽ സൂപ്രണ്ട് അന്തേവാസിയേയും മാതാവിനെയും മർദ്ദിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ തെളിവെടുപ്പ് നടത്തി.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ചെയർപേഴ്സൺ ജോസഫൈൻ മർദ്ദനമേറ്റ രാധാമണി, കാർത്ത്യായനി എന്നിവരുമായി സംസാരിച്ചു. തുടർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും അന്തേവാസികളുടെ മാനസിക-ശാരീരിക പ്രശ്നങ്ങളും നിരീക്ഷിക്കാൻ സമിതി രൂപീകരിക്കാൻ സർക്കാരിന് ശുപാർശ ചെയ്യുമെന്ന് ജോസഫൈൻ പറഞ്ഞു. കഴിഞ്ഞ ദിവസം അഗതിമന്ദിരത്തിൽ തെളിവെടുപ്പിനെത്തിയ കോർപ്പറേഷൻ സെക്രട്ടറി അനു മർദ്ദച്ച വീഡിയോ പുറത്ത് വിട്ടവരെ ശാസിച്ചതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയിരുന്നു. അതേ സമയം സൂപ്രണ്ട് അൻവർ ഹുസൈനെ കോടതി റിമാന്റ് ചെയ്തു.ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.അന്തേവാസിയുടെ എ.ടി.എം വഴി പണം പോയ സംഭവത്തെക്കുറിച്ചും ഇവർക്ക് പീഡന ബുദ്ധിമുട്ടുകൾ സംഭവിച്ചോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സി.ഐ.ജോയ് മാത്യം അറിയിച്ചു.

പള്ളുരുത്തി അഗതിമന്ദിരത്തിൽ എത്തിയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ അടുത്ത മാസം 5 ന് നടക്കുന്ന അദാലത്തിൽ കോർപ്പറേഷൻ സെക്രട്ടറി അനുവിനോട് പങ്കെടുക്കാൻ നിർദ്ദേശം നൽകി. മർദ്ദന സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.നഗരസഭാംഗം ഗീത പ്രഭാകരൻ, മുൻ നഗരസഭാംഗം വി.എ.ശ്രീജിത്ത് എന്നിവരും ജോസഫൈനൊപ്പം ഉണ്ടായിരുന്നു.