കൊച്ചി : താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കുന്നതിന് മരടിലെ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇന്ന് വിച്ഛേദിക്കും. ഇക്കാര്യം അറിയിച്ച് വൈദ്യുതി ബോർഡ് താമസക്കാർക്ക് നോട്ടീസ് നൽകി. കുടിവെള്ളം, പാചകവാതക കണക്‌ഷൻ എന്നിവ വിച്ഛേദിക്കാൻ ഇന്ന് നോട്ടീസ് നൽകും. പുകച്ചു പുറത്തുചാടിക്കാൻ ശ്രമിച്ചാലും ഇറങ്ങില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം താമസക്കാർ.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പൊലീസ് സംരക്ഷണയിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ ഫ്‌ളാറ്റുകളിലെത്തി നോട്ടീസ് പതിച്ചത്.
കുണ്ടന്നൂരിലെ എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിൻ കോറൽകേവ്, ആൽഫാ വെഞ്ച്വേഴ്സ്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളിലാണ് നോട്ടീസ് പതിച്ചത്.
ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് സർക്കാർ നിയോഗിച്ച ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ മരട് നഗരസഭയുടെ സെക്രട്ടറിയുടെ ചുമതല ഇന്നലെ ഏറ്റെടുത്തു.
സർക്കാരിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ പറഞ്ഞു. ഒഴിപ്പിക്കപ്പെടുന്നവർക്ക് താമസസൗകര്യം ഒരുക്കേണ്ടിവന്നാൽ കളക്ടർ നടപടി സ്വീകരിക്കും.
# ഇറങ്ങില്ലെന്ന് താമസക്കാർ
പുകച്ചുപുറത്താക്കാൻ ശ്രമിച്ചാലും ഇറങ്ങാൻ തയ്യാറല്ലെന്ന് താമസക്കാർ പറഞ്ഞു. വൈദ്യുതി വിച്ഛേദിച്ചാൽ നേരിടാൻ മണ്ണെണ്ണ വിളക്ക്, റാന്തൽ, മെഴുകുതിരി തുടങ്ങിയവ ശേഖരിച്ചിട്ടുണ്ടെന്ന് എച്ച്.ടു.ഒയിലെ താമസക്കാരുടെ സംഘടനാ ഭാരവാഹി ബിനോജ് പറഞ്ഞു. ബലം പ്രയോഗിച്ചാലും ഇറങ്ങില്ല.