കൊച്ചി: ജപ്പാൻ കുടിവെള്ള പദ്ധതിക്ക് കിടപ്പാടം നഷ്ടമായവർക്കനുവദിച്ച നാല് സെന്റ് ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തത് ജില്ലാ കളക്ടർ റദ്ദാക്കി.
റിട്ട.വാട്ടർ അതോറിട്ടി ജീവനക്കാരൻ കളമശേരി പുതുവായിൽ വീട്ടിൽ ഹസന് 2014 ഫെബ്രുവരിയിൽ അനുവദിച്ച ഭൂമിയാണ് റദ്ദാക്കിയത്. ഇപ്പോൾ അരക്കോടി രൂപയോളം വിലമതിക്കുന്നതാണ് കൊച്ചി സർവകലാശാലയ്ക്ക് സമീപത്തെ നാല് സെന്റ് പുനരധിവാസ ഭൂമി.
പൊതുപ്രവർത്തകൻ ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് കളക്ടറുടെ നടപടി. കളമശേരിയിൽ ഹഡ്‌കോ കുടിവെള്ള പദ്ധതി സ്ഥലമാണ് ഇയാൾക്ക് റവന്യു അധികൃതർ അനുവദിച്ചത്.
ജപ്പാൻ കുടിവെള്ള കുടിവെള്ള പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ ഭൂമിയും കിടപ്പാടവും പൂർണമായി നഷ്ടപ്പെട്ടവർക്കാണ് നാല് സെന്റ് വീതം അനുവദിച്ചത്. കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് കോളേജിനും സ്വകാര്യ എൻജിനീയറിംഗ് കോളേജിനും ഇടയ്ക്കായിരുന്നു സ്ഥലം.
കോടികളുടെ സ്ഥലവും കെട്ടിടവുമുള്ള ഹസന്റെ വാടക കെട്ടിടമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. എന്നാൽ കിടപ്പാടം നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് ഇയാൾ അപേക്ഷ നൽകിയത്. പരാതി വന്നതോടെയാണ് സംഭവം വിവാദമായത്. പൊളിച്ച് മാറ്റിയത് ഭൂവുമടമയുടെ വാടക കെട്ടിടമാണെന്നടക്കമുള്ള മുനിസിപ്പൽ രേഖകളിലെ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയപ്പോൾ ഭൂമി അനുവദിച്ചത് മരവിപ്പിച്ചു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം മുൻ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള നടത്തിയ അന്വേഷണത്തിൽ ഭൂവുടമ വ്യാജ രേഖ ചമച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് കണ്ടെത്തി.
വ്യാജ രേഖ ചമച്ച് പുനരധിവാസ സ്ഥലം തട്ടിയെടുത്തയാൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഗിരീഷ് ബാബു ആവശ്യപ്പെട്ടു.
ഭൂമിക്കായി ഭൂവുടമ നൽകിയ തറവില 15,559 രൂപ തിരിച്ച് നൽകാനും കളക്ടർ ഉത്തരവിട്ടു.