ആലുവ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുറ്റിപ്പുഴ സ്മാരക ലൈബ്രറി വളപ്പിൽ കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരായ പരാതിയിൽ കൂടുതൽ ചർച്ച വേണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പരാതിക്കാരുമായും കലാസാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്താൻ കൗൺസിൽ തീരുമാനിച്ചു. ചർച്ചയെ തുടർന്നുള്ള അന്തിമതീരുമാനം തിരഞ്ഞെടുപ്പ് പൊതുപെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം കൂടുന്ന നഗരസഭാ കൗൺസിൽ കെെക്കൊള്ളും.

പ്രതിപക്ഷനേതാവ് രാജീവ് സക്കറിയയാണ് വിഷയം കൗൺസിൽ യോഗത്തിൽ സബ് മിഷനായി ഉന്നയിച്ചത്. അതേസമയം തങ്ങളാരും പദ്ധതിക്ക് എതിരല്ലെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ കൗൺസിലർമാർ പറഞ്ഞു. പൊതുജനങ്ങൾക്ക് ശല്യമില്ലാത്ത സ്ഥലത്ത് പദ്ധതി നടപ്പാക്കണം. നാലാംമൈൽ, ചൂണ്ടി, സ്വകാര്യ ബസ് സ്റ്റാൻഡ്, തോട്ടക്കാട്ടുകര മിനി മാർക്കറ്റ് എന്നിവിടങ്ങളിലെ നഗരസഭ ഭൂമിയിൽ ആവശ്യമായ സൗകര്യമുണ്ടെന്നും ഇവിടെയെവിടെയെങ്കിലും പ്ളാന്റ് സ്ഥാപിക്കണമെന്നും ലൈബ്രറി വാർഡ് കൗൺസിലർ കൂടിയായ സെബി വി. ബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ഉപസമിതിയുടെയും നിർദ്ദേശം ഏകകണ്ഠമായാണ് കൗൺസിൽ അംഗീകരിച്ചതെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു. ലൈബ്രറി വാർഡിൽ തന്നെ പ്ളാന്റ് സ്ഥാപിക്കണമെന്ന് നഗരസഭക്ക് വാശിയില്ല. എന്നാൽ വലിയതോതിലുള്ള ജലമൂറ്റുന്ന സ്ഥാപനമല്ലിത്. ദിവസം 2000 ലിറ്റർ കുടിവെള്ളം മാത്രം ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ളാന്റാണിത്. ശബ്ദ - വായു മലിനീകരണമെന്നും ഉണ്ടാകില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.