nurse

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് നിസാരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുച്ഛമായ ശമ്പളത്തിന് ജോലിയെടുക്കുന്നവരാണ് നഴ്സുമാർ. നിപ്പ രോഗിയെ പരിചരിക്കുന്നതിനിടെ ഒരു നഴ്സ് മരിച്ചു. ഇത്തരത്തിൽ സേവനം ചെയ്യുന്നവരിൽ നിന്ന് പണം തട്ടിയെടുത്തത് നിസാരമല്ല - സിംഗിൾ ബെഞ്ച് പറഞ്ഞു.

കേസ് റദ്ദാക്കാൻ ഒന്നാം പ്രതിയും യു.എൻ.എയുടെ ദേശീയ പ്രസിഡന്റുമായ ജാസ്‌മിൻ ഷാ, രണ്ടാം പ്രതി ഷോബി ജോസഫ് എന്നിവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

നഴ്സുമാർക്ക് അർഹമായ ശമ്പളം ലഭിച്ചു തുടങ്ങിയത് യു.എൻ.എയുടെ ഇടപെടൽ മൂലമാണെന്നും ഇതിന്റെ പേരിൽ സംഘടനയ്ക്കെതിരെ ആശുപത്രി മാനേജ്മെന്റുകളും മറ്റു ശക്തികളും ഒരുമിച്ചെന്നും ഹർജിക്കാർ വാദിച്ചു. മുമ്പു നല്ല കാര്യങ്ങൾ ചെയ്തെന്നു പറഞ്ഞ് അതിന്റെ ഫലം സ്വന്തമാക്കരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സംഘടനയുടെ പണം ഉപയോഗിച്ച് പ്രതികൾ കാറും ഫ്ളാറ്റും വാങ്ങിയതായി സർക്കാർ അറിയിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

56 ലക്ഷത്തിന്റെ തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്

നഴ്സസ് അസോസിയേഷനിൽ 56 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ജാസ്‌മിൻ ഷായുടെ ഭാര്യ ഷബ്നയും ശ്യാം കൃഷ്‌ണനെന്ന വ്യക്തിയും തമ്മിൽ ആറ് ലക്ഷം രൂപയുടെ ഇടപാടു നടന്നതിന് രേഖകളുണ്ട്. രണ്ടാം പ്രതി ഷോബി നാല് ലക്ഷം രൂപയും മൂന്നാം പ്രതി നിതിൻ മോഹൻ 17.64 ലക്ഷം രൂപയും നാലാം പ്രതി പി.ഡി. ജിത്തു 30.8 ലക്ഷം രൂപയും ഷബ്നയുടെ അക്കൗണ്ടിലേക്ക് നൽകി. തൃശൂരിൽ ഷബ്നയുടെ പേരിൽ ഫ്ളാറ്റ് വാങ്ങിയതിലും കൊട്ടേക്കാട് ആശുപത്രി വാങ്ങാൻ തുക നൽകിയതിലും തട്ടിപ്പുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.