ഇടതു സ്വതന്ത്രനായി അഡ്വ. മനു റോയ്
കൊച്ചി: തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. സി.പി.എം ഒടുവിൽ പ്രമുഖ പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകൻ അഡ്വ. മനു റോയിയെ ഇടതു സ്വതന്ത്രനായി കളത്തിലിറക്കാൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും അംഗീകാരം നൽകിയതോടെ വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ഓദ്യോഗിക പ്രഖ്യാപനമുണ്ടാകും. മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള ലത്തീൻ സമുദായംഗത്തെ കളത്തിലിറക്കിയതോടെ ഇടതുമുന്നണിയുടെ മനസിൽ അട്ടിമറി മോഹമാണ്. ഇതേ പോലൊരു ഉപതിരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് കോട്ട സെബാസ്‌റ്റ്യൻ പോൾ ചുവപ്പിച്ചത്.
സി.ഡി.സി പ്രസിഡന്റ് ടി.ജെ.വിനോദ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നും ഉറപ്പായി. ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തിനായി മാത്രമാണ് കാത്തിരിപ്പ്. ഇതോടെ ഇരുമുന്നണികളും ലത്തീൻ സമുദായംഗങ്ങളെ ഇറക്കിയുള്ള പോർവിളിക്കാണ് കളമൊരുക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം ചിഹ്‌നത്തിൽ മത്സരിച്ച ജില്ലാ കമ്മറ്റിയംഗം അഡ്വ. എം. അനിൽകുമാർ 21, 000 ത്തിലധികം വോട്ടുകൾക്കാണ് ഹൈബി ഈഡനോട് പരാജയപ്പെട്ടത്. ഇതോടെയാണ് വീണ്ടും ലത്തീൻ സമുദായത്തിലൂടെ പൊതുസ്വതന്ത്രനെ കളത്തിലിറക്കിയുള്ള പരീക്ഷണം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി.രാജീവ് 31,000 ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു.
ബി.ജെ.പി തീരുമാനം നീളുകയാണെങ്കിലും മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാലിന് നറുക്ക് വീഴാണ് സാധ്യത. രണ്ടു ദിവസത്തിനികം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അഡ്വ.മനു റോയ്
പ്രമുഖ പത്രപ്രവർത്തകൻ കെ.എം. റോയിയുടെയും എലിസബത്തിന്റെയും മകനാണ് അഡ്വ. മനു റോയ് (43). ബി.എ, എൽ.എൽ.ബി ബിരുദധാരി. 20 വർഷമായി അഭിഭാഷകനായി പ്രാക്‌ടിസ് ചെയ്യുന്നു. കളമശേരി സെന്റ് പോൾസ് കോളേജിൽ എസ്.എ. ഐ പ്രവർത്തകനായിരുന്ന 94 - 97 കാലഘട്ടത്തിൽ മാഗസിൻ എഡിറ്ററും യൂണിയൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ദീപ ( പള്ളുരുത്തി എസ്.ഡി.പി.വൈ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക), മക്കൾ: യോഹാൻ, ലേ, ഇസഹാക്.