തൃക്കാക്കര: കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യയിൽ മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടുതലാണെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. സാക്ഷരതയിൽ മുൻപന്തിയിലുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കൊച്ചി മയക്കുമരുന്നുകൾ മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ മൂന്നാം സ്ഥാനത്താണെന്നും അദേഹം കൂട്ടിച്ചേർത്തു. കാക്കനാട് ഫോർ പോയിന്റ്‌സ് ഷെരാട്ടൺ ഹോട്ടലിൽ നടക്കുന്ന ഏഷ്യൻ റീജിയണൽ ഫോറം എഗെൻസ്റ്റ് ഡ്രഗ്‌സ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെന്റ് നടപടികൾ കൊണ്ട് മാത്രം ഈ പ്രശ്‌നത്തിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. യുവജനങ്ങളും പ്രൊഫഷണലുകളും ലഹരിക്കെതിരെ പോരാടാൻ മുൻനിരയിലേക്ക് വരണം. ഇൻഫോപാർക്ക്, ടെക്‌നോപാർക്ക് പോലുള്ള ഐ.ടി സ്ഥാപനങ്ങൾ അവരുടെ പരിസരങ്ങൾ ലഹരി വിമുക്തമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 25 മുതൽ 27 വരെ നടക്കുന്ന ഫോറത്തിൽ 120 അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും. ഇൻഫോസിസ് മുൻ സി.ഇ.ഒ. ഡി. ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു. യു.എൻ.ഒ.ഡി.സി. മേഖല അദ്ധ്യക്ഷൻ സെർഗെ കാപ്പിനോസ്, ഡബ്ല്യൂ.എഫ്.എ.ഡി. അദ്ധ്യക്ഷൻ എസ്ബിയോൺ ഹോൺ ബെർഗ്, ബാലഗോപാൽ ചന്ദ്രശേഖർ (ഇൻഡിപെൻഡൻസ് ഡയറക്ടർ ഫെഡറൽബാങ്ക്), ഡോ. വീരേന്ദ്ര മിശ്ര (ഡയറക്ടർ എൻ.ഐ.എസ്.ഡി.), സി.സി. ജോസഫ് (ഡയറക്ടർ, ഫോർത്ത് വേവ് ഫൗണ്ടേഷൻ) എന്നിവർ സംസാരിച്ചു.