church3

പിറവം: പിറവം രാജാധിരാജ സെന്റ് മേരീസ് പള്ളിയിൽ 200 അംഗ ഓർത്തോഡോക്സ് വിശ്വാസികൾ ഇന്നലെ രാവിലെ ആരാധനയ്ക്കെത്തിയതോടെ സംഘർഷാവസ്ഥ. പള്ളിയുടെ പ്രധാന ഗേറ്റ് താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഫാ.സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള വികാരിമാർ അടങ്ങുന്ന ഓർത്തഡോക്സ് വിഭാഗക്കാർ റോഡിൽ ഇരിപ്പുറപ്പിച്ചു.

500ഓളം വരുന്ന യാക്കോബായക്കാർ തലേന്ന് വിശ്വാസികൾ പള്ളിയ്ക്കകത്ത് കയറിയിരുന്നു. കോട്ടയം, എറണാകുളം ജില്ലയിലെ ആയിരത്തോളം പൊലീസുകാരും സ്ഥലത്തുണ്ട്.

ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചതിന് ശേഷമാണ് ഓർത്തഡോക്സ് വിശ്വാസികൾ ആരാധനയ്ക്കെത്തിയത്. മൂവാറ്റുപുഴ ആർ ഡി.ഒ അനിൽ കുമാർ , തഹസിൽദാർ മധുസൂദനൻ നായർ എന്നിവർ രാത്രി വൈകിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓർത്തഡോക്സ് വിഭാഗം ജില്ലാ കളക്ടർ, എസ്.പി.തുടങ്ങിയവർക്ക് കത്ത് നൽകിയത്. 23ന് പാലാ തിരഞ്ഞെടുപ്പ് കാരണം ജില്ലാ ഭരണകൂടം അസൗകര്യം അറിയിച്ചു. ഉപതിരഞ്ഞടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒക്ടോബർ 21 നു ശേഷം ആരാധനയ്ക്ക് അവസരം നൽകാമെന്ന് തിങ്കളാഴ്ച എസ്.പിയും കളക്ടറും ഓർത്തഡോക്സ് വിഭാഗവുമായുള്ള ചർച്ചയിൽ പറഞ്ഞെങ്കിലും അവർ നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് അറിയിച്ചു.

ഇരു വിഭാഗവും പിൻമാറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പിറവം വലിയ സംഘർഷത്തിലേക്ക് കടന്നേക്കും.

ഓർത്തഡോക്സ് വിഭാഗം നടത്തുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറു കണക്കിന് വൈദികരും വിശ്വാസികളും എത്തുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ പൊലീസ് യാക്കോബായ വിഭാഗവുമായി ചേർന്ന് ഒത്തുകളി ക്കുകയാണെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.