# സംരക്ഷണഭിത്തി വേണം
കോലഞ്ചേരി: തേക്കടി - എറണാകുളം സംസ്ഥാനപാതയിൽ പട്ടിമറ്റത്തിനടുത്ത് അത്താണിയിൽ പെരിയാർവാലി കനാൽ ക്രോസിംഗിൽ അപകടം പതിയിരിക്കുന്നു. സംരക്ഷണ ഭിത്തിയില്ലാത്തതാണ് കാരണം. നേരത്തെ ഇവിടെ തൃപ്പൂണിത്തുറക്കാരായ ഒരു കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കനാലിൽ വീണതാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് അവർക്ക് ജീവൻ തിരിച്ചുകിട്ടിയത്.
കനാലിന്റെ ഏറ്റവും താഴ്ചയേറിയ ഭാഗമായ ഇവിടെ റോഡ് നിരപ്പിൽ നിന്നും മുപ്പതടിയിലേറെ താഴ്ചയിലാണ് കനാലൊഴുകുന്നത്. മലയോര മേഖലകളിൽ നിന്ന് ജില്ലാ ഭരണസിരാ കേന്ദ്രമായ കാക്കനാട്ടേയ്ക്കെത്തുന്ന എളുപ്പ വഴിയാണിത്. സ്കൂൾ ബസുകളും ടൂറിസ്റ്റ് വാഹനങ്ങളുമടക്കം പ്രതിദിനം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. മൂവാറ്റുപുഴയിൽ നിന്ന് വണ്ടർലായിലേയ്ക്കുള്ള എളുപ്പവഴി കൂടിയാണിത്. വഴിയെക്കുറിച്ചും കനാലിനെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തവർ ഈ വഴി ഇപ്പോൾ വന്നാൽ ഇവിടെ അപകടത്തിൽപെടാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.
സൂചനാബോർഡ് ഇല്ല
കനാലിനിരുവശവും റോഡ് നിരപ്പിൽ നിന്ന് ഉയരത്തിൽ കാടുവളർന്നു നിൽക്കുകയാണ്. കനാലിന്റെ വശങ്ങളിൽ നിന്ന് വളർന്നുനിൽക്കുന്ന കാട് കണ്ടാൽ റോഡും വഴിയും പരിചയമില്ലാത്തവർക്ക് അവിടെ കനാലുണ്ടെന്ന് തിരിച്ചറിയാനാകില്ല. മാത്രമല്ല സൂചനാബോർഡുകളും സ്ഥാപിച്ചിട്ടില്ല. മനയ്ക്കക്കടവ് നെല്ലാട് റോഡിന്റെ ഭാഗമായി വരുന്നതാണ് ഇവിടം. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കോടികൾ മുടക്കി നടന്നുവരികയാണ്. അടിയന്തരമായി കാടുവെട്ടിമാറ്റുകയും സംരക്ഷണഭിത്തി നിർമ്മിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.