sameer
കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും, മാറാടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി മാറാടി കാവുംഭാഗം സെൻട്രൽ പാടത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ഉദ്ഘാടനം ചെയ്തതിനുശേഷം കാർഷിക പ്രതിജ്ഞ ചൊല്ലുന്നു

മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്ക് മാറാടിയിൽ തുടക്കം. കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും മാറാടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ഉദ്ഘാടനം ചെയ്തു. നാടൻപാട്ടിന്റെയും ഞാറ്റുപാട്ടിന്റേയും തുടിതാളത്തിന്റെയും അകമ്പടിയോടെ നെൽവിത്തിടൽ വിദ്യാർത്ഥികൾ ഉത്സവമാക്കി.

മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്‌കൂൾ, സൗത്ത് മാറാടി സ്‌കൂൾ, കുരുക്കുന്നപുരം സ്‌കൂൾ, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് മാറാടി കാവുംഭാഗം സെൻട്രൽ പാടത്തായിരുന്നു ഉദ്ഘാടനം. മാറാടി കൃഷി ഓഫീസർ എൽദോസ് എബ്രഹാം നെൽവിത്ത് എറിഞ്ഞ് പദ്ധതിക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്‌കൂൾ പ്രിൻസിപ്പൽ റോണി മാത്യു കാർഷിക പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

അന്യംനിൽക്കുന്ന കാർഷികരംഗം തിരിച്ചുപിടിക്കുന്നതോടൊപ്പം വിദ്യാർത്ഥികളിൽ കൃഷി സംസ്‌കാര അവബോധം വളർത്തുക തുടങ്ങിയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ജീവജാലങ്ങളുടെ നിലനിൽപ്പിനും പച്ചപ്പാർന്ന നെൽവയലുകൾ തിരിച്ചുപിടിക്കൽ അനിവാര്യമാണെന്ന വലിയ സന്ദേശം നൽകിയാണ് വിദ്യാർത്ഥികളെ പാടത്തേക്കിറക്കിയത്. മാറാടി ഗ്രാമപഞ്ചായത്തംഗം കെ.എസ്. മുരളി, കൃഷി അസിസ്റ്റന്റുമാരായ വേണു ജി.എസ്, നജീബ്, ഹെഡ്മാസ്റ്റർ കെ. സജികുമാർ, ശോഭന എം.എം, പി.ടി. അനിൽകുമാർ, സമീർ സിദ്ദീഖി, പൗലോസ്.ടി, രതീഷ് വിജയൻ, മനോജ് എ.വി, റോൾജി ജോസഫ്, ഏലിയാമ്മ, ജോസൺ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.