വൈപ്പിൻ : വൈപ്പിൻ ആർട്ടിസ്റ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (വാവ) 12-ാം വാർഷികാഘോഷം 28, 29 തീയതികളിൽ ഞാറയ്ക്കൽ എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്‌കാരിക സമ്മേളനം, ജനറൽ ബോഡി, കുടുംബസംഗമം, കലാമേള, പുരസ്‌കാര സമർപ്പണം, പ്രതിഭകളെ ആദരിക്കൽ, എ.സി. അഗസ്റ്റിൻ സ്മാരക ചിത്രരചന മത്സര സമ്മാനദാനം എന്നിവ നടക്കും. നാളെ ഉച്ചയ്ക്ക് 2.30ന് ജനറൽ ബോഡി ചിത്രകാരൻ സീരി മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10ന് കുടുംബസംഗമം വാവ പ്രസിഡന്റ് ഞാറയ്ക്കൽ ശ്രീനി ഉദ്ഘാടനം ചെയ്യും. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ. വൈകിട്ട് 5ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം സിനിമാ സംവിധായകനും നടനുമായ ജോണി ആന്റണി ഉദ്ഘാടനം ചെയ്യും. ഞാറയ്ക്കൽ ശ്രീനി അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സംവിധായകരായ ജിബു ജേക്കബ്, കെ.പി. വ്യാസൻ, യേശുദാസ് അറക്കൽ, ആൻഡ്രൂസ് അറക്കൽ, നടി പൗളി വത്സൻ എന്നിവർ സംസാരിക്കും. പുരസ്‌കാര സമർപ്പണ ചടങ്ങിൽ അനിൽ പ്ലാവിൻസ്, സംഗീത സംവിധായകൻ സിദ്ധാർത്ഥ വിജയൻ, വൈപ്പിൻ നടേശൻ, നടൻ ധർമ്മൻ ചെറായി എന്നിവർക്ക് വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.
പ്രളയബാധിതർക്ക് സഹായമെത്തിച്ച നൗഷാദ് മാലിപ്പുറം, ടോപ്പ് സിംഗർ ഗായിക ജന്നിഫർ ആലീസ്, സതി, ഷീജ രാജേഷ് എന്നിവർക്ക് സ്വീകരണവും നൽകും. ജനറൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ സ്വാഗതവും എം.പി. ജോസി നന്ദിയും പറയും.