കൊച്ചി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സി.ജി.എച്ച്.എസിന്റെ വെൽനസ് സെന്റർ കൊച്ചിയിൽ സ്ഥാപിക്കും. ഏറെ നാളായി ചുവപ്പ് നാടയിൽ കുടുങ്ങിയിരുന്ന വെൽനസ് സെന്റർ ഹൈബി ഈഡൻ എം.പിയുടെ ഇടപെടൽ മൂലമാണ് യാഥാർത്ഥ്യമാകുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാർ, പെൻഷൻകാർ, എം.പിമാർ, മുൻ എം.പിമാർ, ഗവർണർമാർ, ജഡ്ജിമാർ, സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയവർക്കെല്ലാം ആരോഗ്യ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതാണ് കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി (സി.ജി.എച്ച്.എസ്).


1996 മുതൽ തിരുവനന്തപുരത്ത് സി.ജി.എച്ച്.എസ് നിലവിലുണ്ട്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, യുനാനി, യോഗ, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. കാസർകോട് മുതലുള്ള ഗുണഭോക്താക്കൾ തിരുവനന്തപുരത്തെയാണ് ആശ്രയിച്ചിരുന്നത്.

ഏറെ നാളത്തെ ആവശ്യമായിരുന്നു എറണാകുളത്ത് വെൽനസ് സെന്റർ. കതൃക്കടവിലെ ഒരു ബി.എസ്.എൻ.എൽ ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സ് ഇതിനായി തിരഞ്ഞെടുത്തെങ്കിലും വാടക നിർണയം തടസമായി. ഹൈബി ഈഡൻ എം.പി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി പ്രീതി സുദനെ കണ്ടാണ് പ്രശ്നം പരിഹരിച്ചത്. ഒന്നര മാസത്തിനുള്ളിൽ സി.ജി.എച്ച്.എസ് വെൽനസ് സെന്റർ കൊച്ചിയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതായി ഹൈബി ഈഡൻ അറിയിച്ചു.