പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലയെ തകർക്കുന്ന മയക്കുമരുന്നുമാഫിയക്കും നഗരത്തിലെ സെക്‌സ് റാക്കറ്റിനുമെതിരെ അധികൃതർ നടപടി സ്വീകരിക്കുംവരെ പ്രചരണവും ബോധവത്കരണവും നടത്താൻ പെരുമ്പാവൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരിഭവനിൽ ചേർന്ന വിവിധ സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചു.
പെരുമ്പാവൂരിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നിന്റെയും നിരോധിത പുകയില ഉത്പന്നങ്ങളുടേയും വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്. ഇത്തരം കച്ചവടം നടത്തുന്നതിൽ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നത് പ്രദേശവാസികളായ ചിലരാണ്. അധികൃതർക്ക് ഇവരെക്കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലും നടപടിയൊന്നുമില്ല.
പെരുമ്പാവൂരിലെ സ്റ്റേഷനുകളിലെ പൊലീസ്, എക്‌സൈസ് സേനാഅംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മർച്ചന്റ് അസോസിയേഷൻ ആവശ്യപെട്ടു. മയക്കുമരുന്നിന്റേയും നിരോധിത പുകയില വ്യാപാരത്തിന്റേയും മറവിൽ പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റും സജീവമാണ്. ഇവർക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി.പി.നൗഷാദ് , റസിഡൻസ് അസോസിയേഷൻ മേഖലാ സെക്രട്ടറി കെ.ഇ. നൗഷാദ്, കേരള ജേണലിസ്റ്റ് യൂണിയൻ താലുക്ക് സെക്രട്ടറി റഷീദ് മല്ലശേരി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജിജി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സെക്രട്ടറി ഉമ്മർ, ജ്വാല പ്രസിഡന്റ് ലൈല റഷീദ്, മൊബൈൽ ഫോൺ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അൻസാർ, നമ്മൾ യാസർ, അസിം, എം.യു ഹമീദ്, എം.കെ. രാധാകൃഷ്ണൻ, പി. മനോഹരൻ, എസ്. ജയചന്ദ്രൻ, ഇ.പി. ജെയിംസ്, എം.എം. റസാക്ക്, എം.എം. അജീർ, എം. പി. പൗലോസ്, അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.