കൊച്ചി: കുറഞ്ഞ ചെലവിൽ ചിത്രീകരണ സൗകര്യ വാഗ്ദാനവുമായി മലേഷ്യൻ ടൂറിസം അധികൃതർ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായ സംഘടനകളുമായി ചർച്ച ആരംഭിച്ചു. മലേഷ്യയെ മൂവി ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് 'വിസിറ്റ് മലേഷ്യ 2020" പദ്ധതിയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയ മലേഷ്യൻ കോൺസൽ ജനറൽ ശരവണൻ കരതിഹായൻ പറഞ്ഞു. അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെ ആകർഷിക്കാനും നടപടി ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ സർവകലാശാലകളുമായി ധാരണയിലേർപ്പെട്ട വിദ്യാർത്ഥികൾക്ക് മലേഷ്യയിൽ പഠിക്കാൻ അവസരങ്ങൾ ഒരുക്കും. കുടുംബയാത്ര, വിവാഹങ്ങൾക്ക് ആതിഥ്യം തുടങ്ങിയവയും പ്രോത്സാഹിപ്പിക്കും.
2018ൽ ആറുലക്ഷം ഇന്ത്യൻ സഞ്ചാരികളാണ് മലേഷ്യ സന്ദർശിച്ചത്. ഈവർഷം ജൂൺ വരെ 3.54 ലക്ഷം പേരെത്തി.15.2 ശതമാനമാണ് വർദ്ധന. ഈവർഷം ആകെ പ്രതീക്ഷിക്കുന്നത് 7.28 ലക്ഷം പേരെയാണ്. ഡയറക്‌ടർ മുഹമ്മദ് തയ്ബ് ഇബ്രാഹിം, ഡെപ്യൂട്ടി ഡയറക്ടർ ലോഗി ധാസൻ താണരാജ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.