videsha-sagam-
പുനർജനി പദ്ധതിയിൽ പങ്കാളികളാകാനെത്തിയ വിദേശ സന്നദ്ധസംഘ പ്രവർത്തകർ

പറവൂർ : പ്രളയാനന്തര പുനർനിർമ്മാണമായ പുനർജനി - പറവൂരിന് പുതുജീവൻ പദ്ധതിക്ക് കരുത്തുപകരാൻ വിദേശികളായ സന്നദ്ധ പ്രവർത്തകർ വരാപ്പുഴയിലെത്തി. പതിനാറംഗ സംഘത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരതിയേകി തിലകം ചാർത്തി സ്വീകരിച്ചു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് , ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി കേരള ഹെഡ് ‌ജോർജ് കുര്യൻ,സഹൃദയ അസി. ഡയറക്ടർ ഫാ. പീറ്റർ തുരുനിനത്തിൽ, കൊച്ചുറാണി ജോസഫ്, രാജേഷ് ചിയേടൻ തുടങ്ങിയവർ സംഘത്തെ സ്വീകരിക്കാനെത്തി.

പ്രളയത്തിൽ തകർന്ന തുണ്ടത്തുകടവ് ഇട്ട്യാതിപറമ്പിൽ ബാലകൃഷ്ണൻ, രാജേന്ദ്രൻ എന്നി സഹോദരങ്ങളുടെ വീട് നിർമ്മാണത്തിൽ സംഘം പങ്കെടുത്തു. ഹോംകോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് സുയിസ് എന്ന അന്താരാഷ്ട്രസംഘടയുടെ പ്രവർത്തകരാണിവർ. ബംഗളൂരു സ്വദേശിയായ പ്രശാന്തിന്റെ സഹായത്തോടെയാണ് സംഘം കേരളത്തിലെത്തിയത്.
വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന പുനർജനി പദ്ധതിയിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി എന്ന സന്നദ്ധ സംഘടനയുടെ സാമ്പത്തിക സഹകരണത്തോടെ ഇരുപത്തിയാറ് വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ഭൂരഹിത - ഭവനരഹിതരായവർക്ക് പന്ത്രണ്ട് വീടുകൾ അടങ്ങുന്ന സമുച്ചയവും പതിനാല് പേർക്ക് പുതിയ ഭവനങ്ങളുമാണ് നൽകുന്നത്. പതിനാല് വീടുകളുടെ നിർമ്മാണ ചുമതല എറണാകുളം - അങ്കമാലിയുടെ കീഴിലുള്ള സഹൃദയ എന്ന സംഘടനയ്ക്കാണ്.