കൊച്ചി: "ഒരു സുപ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ വീട്ടിൽ കറന്റില്ല, വെള്ളമില്ല. വീടിന് മുന്നിൽ ലാത്തിയേന്തിയ പൊലീസുകാർ. തീവ്രവാദികളെ പോലെ പെരുമാറാൻ ഞങ്ങളെന്ത് കുറ്റം ചെയ്തു? "

മരടിലെ പൊളിക്കാൻ പോകുന്ന ഫ്ലാറ്റുകളിലെ താമസക്കാരുടേതാണ് ചോദ്യം. ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ എം.എൽ.എ എം. സ്വരാജിനോടാണ് അവർ സങ്കടങ്ങൾ പറഞ്ഞത്.

"അന്യരുടെ സ്ഥലത്ത് കുടിയേറി താമസിച്ചവരെ പോലെയാണ് ഉദ്യോഗസ്ഥർ ഞങ്ങളോടുള്ള പെരുമാറുന്നത്. സർക്കാരിന്റെ മുദ്രപ്പത്രത്തിന് ഒരു വിലയുമില്ലേ? ജയിലിൽ കിടക്കുന്ന ഗോവിന്ദച്ചാമിക്ക് കിട്ടുന്ന പരിഗണന പോലും ഞങ്ങൾക്കില്ലല്ലോ. ഇതാണോ ജനാധിപത്യം? ഇവിടുന്ന് ഇറങ്ങിയാൽ എങ്ങോട്ടു പോകണമെന്ന് അറിയില്ല. " - താമസക്കാരായ സ്ത്രീകൾ പറഞ്ഞു. ഒരുമണിക്കൂറോളം സ്വരാജ് ഇവരോട് സംസാരിച്ചു.

പിന്തുണ അറിയിച്ചു മടങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ രാഷ്ട്രീയക്കാർക്കെതിരെ ചിലർ രോഷാകുലരായി.

ഇന്ന് കോടതി എന്താണ് പറയുന്നതെന്ന് നോക്കാമെന്ന് എം.എൽ.എ പറഞ്ഞെങ്കിലും താമസക്കാർ ശാന്തരായില്ല.

സർക്കാർ നടപടി കടുപ്പിച്ചതോടെ രാവിലെ തന്നെ മിക്ക താമസക്കാരും സമരവേദിയായ കുണ്ടന്നൂരിലെ എച്ച്.ടു.ഒ ഹോളി ഫെയ്‌ത്ത് ഫ്ലാറ്റിൽ ഒത്തുചേർന്നു. മുൻ എം.എൽ.എ കെ. ബാബുവും കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസും ഇവരെ കണ്ട് സംസാരിച്ചു.

ഫെബ്രുവരിയിൽ തീരദേശ പരിപാലന നിയമത്തിന്റെ 2 കാറ്റഗറിയിലേക്ക് ഫ്ലാറ്റ് നിൽക്കുന്ന സ്ഥലം മാറിയെന്ന വിവരം കോടതിയെ ധരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് പി.സി തോമസ് പറഞ്ഞു. ഇന്ന് കോടതി വിധി വരുന്നതിന് മുമ്പ് വെള്ളവും വൈദ്യുതിയും ധൃതി പിടിച്ച് വിച്ഛേദിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.