മൂവാറ്റുപുഴ: വിവാദങ്ങൾക്ക് വിടചൊല്ലി സപ്ലൈകോ മെഡിക്കൽ സ്റ്റോർ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. മെഡിക്കൽ സ്‌റ്റോർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിനും കെട്ടിടത്തിന്റെ വാടക അംഗീകരിച്ചും സപ്ലൈകോ മെഡിസിൻ വിഭാഗം മനേജർ ഉത്തരവ് ഇറക്കിയതോടെയാണ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാനുള്ള കളമൊരുങ്ങിയത്.

മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോർ വാടക തർക്കത്തെ തുടർന്നാണ് മാറ്റേണ്ടിവന്നത്. സപ്ലൈകോ നിർദ്ദേശിക്കുന്ന വാടകയ്ക്കുള്ള മുറികൾ നഗരത്തിന്റെ ഹൃദയഭാഗത്ത് ലഭിക്കാതെ വന്നതോടെ മെഡിക്കൽ സ്‌റ്റോറിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. മെഡിക്കൽ സ്റ്റോർ മൂവാറ്റുപുഴയിൽ നിലനിർത്തണമെന്ന് എൽദോ എബ്രഹാം എം.എൽ.എ മന്ത്രി പി. തിലോത്തമനോടും, സപ്ലൈകോ എം.ഡി.യോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജനറൽ ആശുപത്രിക്ക് സമീപം മെഡിക്കൽ സ്റ്റോർ പ്രവർത്തിപ്പിക്കുന്നതിന് കെട്ടിടം ലഭിച്ചത്. മെഡിക്കൽ സ്‌റ്റോർ പുതിയ സ്ഥലത്ത് ലാഭത്തിൽ പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.