കോലഞ്ചേരി: പൊലീസ് മേധാവിയുടെ ഉത്തരവുകൾ പൊലീസുകാർ കണ്ടറിഞ്ഞാൽ മാത്രം പോരാ, കേട്ടും അറിയണം. വെള്ളിയാഴ്ച പരേഡിൽ പൊലീസ് ആസ്ഥാനത്തു നിന്നും സിവിൽ പൊലീസ് ഓഫീസർമാർ അറിയേണ്ട ഉത്തരവുകൾ വായിച്ച് കേൾപ്പിക്കണമെന്ന് ഡി.ജി.പി യുടെ നിർദ്ദേശം. സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്നുമുള്ള പല ഉത്തരവുകൾക്കും പൊലീസുകാർ പുല്ലു വിലയാണ് കല്പിക്കുന്നതത്രെ. ഇതോടെ കീഴ് ജീവനക്കാർ അറിയേണ്ട മുഴുവൻ സർക്കുലറുകളും, മാർഗ നിർദ്ദേശങ്ങളും വെള്ളിയാഴ്ച നടക്കുന്ന സ്റ്റേഷൻ പരേഡിനു ശേഷം മേലുദ്യോഗസ്ഥൻ വായിച്ചു കേൾപ്പിക്കണമെന്നാണ് ഡി.ജി.പി നിർദ്ദേശം നല്കിയത്. ഉത്തരവുകൾക്ക് വിരുദ്ധമായി കീഴുദ്യോഗസ്ഥൻ പെരുമാറിയാൽ അത് തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥനെ കൂടി ഉത്തരവാദിയായി കണക്കാക്കാനാണ് നിർദ്ദേശം. പൊലീസ് ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശങ്ങൾ പലതും യഥാ സമയം കീഴുദ്യോഗസ്ഥരെ അറിയിക്കാത്തത് സേനയുടെ താഴെത്തട്ടിൽ ഗുരുതരമായ വീഴ്ചകൾക്ക് കാരണമാകുന്നതായാണ് വിലയിരുത്തുന്നത്. ജില്ലാ പൊലീസ് മേധാവികൾ പ്രതി മാസ യോഗങ്ങളിൽ സർക്കുലറുകൾ തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥർക്കി വായിച്ചു നല്കി വിശദീകരിക്കണം. യോഗത്തിൽ പങ്കെടുത്തവർ അവരുടെ കീഴുദ്യോഗസ്ഥരെയും അവർ സ്റ്റേഷൻ പരേഡിലും ഇത് തുടരണം അങ്ങിനെ താഴെ തട്ടു വരെയെത്തണം. ഇതു വരെ സബ് ഇൻസ്പെക്ടർ വരെയുള്ള ഉദ്യോഗസ്ഥരാണ് ഉത്തരവുകൾ അറിഞ്ഞിരുന്നത്. അവർ അത് പറഞ്ഞ് നടപ്പാക്കിക്കുകയായിരുന്നു.