കൊച്ചി : വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവ് വരുമ്പോൾ ആശ്വസിക്കാമെന്ന പ്രതീക്ഷയിലായിരുന്നു മരടിലെ ഫ്ളാറ്റുടമകൾ. ഇന്നലെ അവർ ഉറക്കമെഴുന്നേറ്റത് വൈദ്യുതിയും വെള്ളവുമില്ലാത്ത പകലിലേക്കായിരുന്നു.
പുലർച്ചെ അ
ഞ്ചരയോടെയാണ് നാല് ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. മൂന്നിടത്തെ കുടിവെള്ള കണക്‌ഷനുകൾ ജല അതോറിറ്റിയും വിച്ഛേദിച്ചു. എച്ച് ടു ഒ ഹോളി ഫെയ്‌ത്ത് ഫ്ളാറ്റിലെ താമസക്കാർ കുടിവെള്ള ടാങ്കറുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് വൈദ്യുതി വിച്ഛേദിക്കുമെന്ന് കരുതി പാതിരാത്രി വരെ സമരപ്പന്തലിലിരുന്ന് നടപടിയുണ്ടാകില്ലെന്ന് കരുതി ഉറങ്ങാൻ പോയതായിരുന്നു പലരും. ഫാനും എ.സിയും നിലച്ചപ്പോഴാണ് വൈദ്യുതി വിച്ഛേദിച്ചെന്ന് മനസിലാക്കിയത്. പുലർച്ചെ നടക്കാനിറങ്ങി തിരിച്ചുവന്ന ചിലർ ലിഫ്റ്റിൽ കുടുങ്ങി. അതോടെ ഫ്ലാറ്റുകളിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. പിന്നീട് ജനറേറ്ററുകൾ ലിഫ്റ്റുകൾക്ക് മാത്രമായി ചുരുക്കി. ജനറേറ്ററുകൾ വാടകയ്ക്ക് എടുത്തെങ്കിലും വീടുകളിലേക്ക് വൈദ്യുതി തുടർച്ചയായി നൽകിയില്ല.
ടാങ്കറുകൾ എത്തി ടാങ്കിൽ വെള്ളം നിറച്ചെങ്കിലും കുടിവെള്ളത്തിന് പലരും ബുദ്ധിമുട്ടി. പലരും കുപ്പിവെള്ളം വാങ്ങി ശേഖരിച്ചു. ഗ്യാസ് കണക്‌ഷൻ കളയുമോയെന്ന ഭയത്തിലായിരുന്നു വീട്ടമ്മമാർ. ഗ്യാസ് വിച്ഛേദിച്ചാൽ ഭക്ഷണത്തിനെന്ത് ചെയ്യുമെന്ന ചോദ്യമുണ്ടായി. ചില ഫ്ലാറ്റുകളിൽ വൃദ്ധദമ്പതികൾ മാത്രമാണുള്ളത്. വിദേശത്തായിരുന്ന ചില മക്കൾ രാവിലെ തന്നെ മാതാപിതാക്കളുടെയരികിലെത്തി. നടക്കാൻ പോലും പറ്റാത്ത ഇവരുമായി എങ്ങോട്ടു പോകുമെന്ന ആശങ്കയിലായിരുന്നു അവർ. കുഞ്ഞുമക്കളെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന ആശങ്ക ചില രക്ഷിതാക്കൾ പങ്കുവച്ചു.
രാവിലെ മുറ്റത്ത് ലാത്തി പിടിച്ചു നിൽക്കുന്ന പൊലീസുകാരെ കണ്ട് കുട്ടികൾ പേടിച്ചു.
രാത്രി റാന്തലും മെഴുകുതിരിയും കത്തിച്ച് പ്രതിഷേധിക്കാനായിരുന്നു ഫ്ളാറ്റുടമകളുടെ തീരുമാനം. വൈദ്യുതിയും വെള്ളവുമില്ലെങ്കിലും ഫ്ലാറ്റ് വിട്ട് എങ്ങും താമസിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇവർ. നഷ്ടപരിഹാരം ലഭ്യമാകുന്നതുവരെ ഒഴിയില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.