കൊച്ചി : കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവയെന്ന ചെറുപ്പക്കാരനെ സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ ആറു പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഹൈക്കോടതി ശരിവച്ചു.അബ്ദുൾ കരിം, ഫയാസ്, നാജിദ്, ഹിജാസ് റഹ്മാൻ, മുഹമ്മദ് ജംഷീർ, ഷാഹുൽ ഹമീദ് എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. ഒന്നാം പ്രതി അബ്ദുൾ റഹ്മാൻ, നാലാം പ്രതി അബ്ദുൾ നാസർ, എട്ടാം പ്രതി റാഷിദ് എന്നിവർക്കെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്നും സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും വിലയിരുത്തി വെറുതേ വിട്ടു.

2011 നവംബർ 9 ന് രാത്രി സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കണ്ടെന്നാരോപിച്ചായിരുന്നു കൊടിയത്തൂർ ചുള്ളിക്കാപ്പറമ്പ് കൊടിപുറത്ത് തേലേരി ഷഹീദ് ബാവയെ ആൾക്കൂട്ടം ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഷഹീദ് ബാവയെ അക്രമിസംഘം കല്ലെറിഞ്ഞു വീഴ്ത്തി പ്ളാസ്റ്റിക് കയർ കൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലായിരിക്കെ മരിച്ചു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, ക്രൂരമർദ്ദനം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷഹീദ് ബാവയുടെ പിതാവ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമായിരുന്നു കോഴിക്കോട് അഡി. സെഷൻസ് കോടതിയുടെ വിധി.