ആലുവ: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ ആരംഭിക്കുന്നത് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നാണ്. ആലുവ മെട്രോ സ്റ്റേഷനും ആലുവ സ്വകാര്യ ബസ് സ്റ്റാൻഡും തൊട്ടുരുമി നിൽക്കുകയാണെന്ന് പറയാം. പക്ഷെ കൊച്ചി മെട്രോയെക്കൂടി നാണംകെടുത്തുന്ന അവസ്ഥയിലാണ് ഇപ്പോൾ ബസ് സ്റ്റാൻഡിന്റെ അവസ്ഥ.
ഒരു കാലത്ത് വലിപ്പവും സൗകര്യവും ആകർഷണീയതകൊണ്ടും ശ്രദ്ധേയമായിരുന്ന ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനാണ് ഈ ദുർഗതി. വലിപ്പത്തിൽ കാര്യമായ കുറവില്ലെങ്കിലും ഭംഗിയും സൗകര്യങ്ങളുമെല്ലാം ഇല്ലാതായിട്ട് നാളേറെയായി.
# കാൽനട യാത്രപോലും ദുഷ്കരം
സഹികെട്ട ബസ് ഉടമകളും ജീവനക്കാരും ബസുകൾ സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് സ്റ്റാൻഡിന്റെ പ്രവേശനകവാടം ഉൾപ്പെടെ കുറേഭാഗം ടൈൽ വിരിച്ചെങ്കിലും ബാക്കി സ്ഥലമെല്ലാം കുഴിയായി കിടക്കുകയാണ്. കുഴിയെന്ന് പറഞ്ഞാൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ. മാത്രമല്ല പതുക്കെ ഓടിച്ചില്ലെങ്കിൽ ബസുകളുടെ ആക്സിലും രണ്ടായി പിരിയും. ഇവിടെ കാൽനട യാത്രപോലും ദുഷ്കരം.
യാത്രക്കാർ കയറി നിൽക്കുന്ന ടെർമിനലിന്റെ അവസ്ഥ അതിലേറെ ദയനീയമാണ്. മഴ പെയ്താൽ വെള്ളം മുഴുവൻ ടെർമിനലിലുണ്ടാകും. സ്റ്റാൻഡിലെ കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നകയാണ്. ഇവിടെയിട്ടിരിക്കുന്ന കസരേകളെല്ലാം തുരുമ്പെടുത്ത് നശിച്ചു. കാര്യങ്ങൾ ഇത്ര ദയനീയമാണെങ്കിലും യാത്രക്കാർക്ക് കയറി നിൽക്കാൻ സൗകര്യമുണ്ടായിരുന്ന ഭാഗത്തെല്ലാം ചെറിയ കടകൾ നിർമ്മിച്ച് നൽകി നഗരസഭ കീശ വീർപ്പിക്കുകയാണ്.
# ബോർഡ് പോലും നശിച്ചു
ടെർമിനലിന് രാജീവ്ഗാന്ധി മെമ്മോറിയൽ ടെർമിനൽ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. പേര് രേഖപ്പെടുത്തി സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിച്ചിട്ട് മാസങ്ങളായി. ചെറിയ തുക കണ്ടെത്തിയാൽ ശരിയാക്കാവുന്ന തകരാർ പോലും പരിഹരിക്കാൻ നഗരസഭയ്ക്ക് താത്പര്യമില്ല.