നെടുമ്പാശേരി: 'കനിവ് 108' സൗജന്യ ആംബുലൻസ് സേവനം ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തുടങ്ങി. സമഗ്ര ട്രോമാകെയർ പദ്ധതിയുടെ ഭാഗമായി '108' നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും ഇനി മുതൽ സൗജന്യ ആംബുലൻസ് സേവനം ലഭിക്കും. ദേശീയപാതയിൽ ചെറിയവാപ്പാലശേരി, കരിയാട്, അത്താണി, പറമ്പയം, ദേശം ഭാഗങ്ങളിൽ പതിവായുണ്ടാകുന്ന അപകടങ്ങളും ജീവഹാനിയും കണക്കിലെടുത്താണ് ജില്ലയിൽ അനുവദിച്ച 'കനിവ് 108' സൗജന്യ ആംബുലൻസ് ആദ്യഘട്ടത്തിൽ തന്നെ ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിനും അനുവദിച്ചത്.
പരിശീലനം ലഭിച്ച രണ്ട് ഡ്രൈവർമാരും (പൈലറ്റ്), രണ്ട് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരും (ഇ.എം.ടി) ഉണ്ടാകും. ഒരു ഇ.എം.ടിക്കും ഒരു പൈലറ്റിനും 12 മണിക്കൂറാണ് ഡ്യൂട്ടി. ഇവർക്കായി ആശുപത്രിയിൽ താമസ സൗകര്യവും ആംബുലൻസിന് പാർക്കിംഗ് സംവിധാനവും ഒരുക്കി. പദ്ധതി പ്രകാരം ജില്ലയിൽ 33 ആംബുലൻസാണ് ലഭിക്കുക. ഡോ.പി.ടി. എലിസബത്ത്, ഹെൽത്ത് സൂപ്പർവൈസർ എം.കെ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ ചേർന്ന് ആംബുലൻസ് സ്വീകരിച്ചു.
ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പൊതുജനാഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാൻ '1800 599 2270' എന്ന സൗജന്യ ടോൾഫ്രീ നമ്പർ സേവനവും ലഭ്യമാണ്.