piravom-church

കൊച്ചി: രണ്ടു ദിവസം നീണ്ട സംഘർഷങ്ങൾക്കും വാക്കുതർക്കങ്ങൾക്കും ഒടുവിൽ പിറവം സെന്റ് മേരീസ് പള്ളി എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവു പ്രകാരം മെത്രാപ്പൊലീത്തമാർ ഉൾപ്പെടെ ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു മാറ്റിയാണ് നടപടി.

പള്ളിയുടെ താക്കോൽ ഇന്ന് ഹൈക്കോടതിക്ക് കൈമാറുമെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു. കോടതിയുടെ നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ തീരുമാനിക്കും.

സുപ്രീംകോടതി വിധിപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് ബുധനാഴ്ച ആരാധന നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഫാ. സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിൽ നാല് വൈദികരും അത്തനേഷ്യസ് മെത്രാപ്പൊലീത്തയും 200 ഓളം വിശ്വാസികളും ആരാധനയ്‌ക്ക് എത്തിയെങ്കിലും പ്രധാന ഗേറ്റ് താഴിട്ടു പൂട്ടിയതിനാൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർ വഴിയിൽ പ്രാർത്ഥന തുടങ്ങി. ആരാധന നടത്തിയേ പിൻവാങ്ങൂ എന്നായി.

അതേസമയം, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെയും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെയും നേതൃത്വത്തിൽ ആയിരത്തോളം യാക്കോബായ വിശ്വാസികൾ ചൊവ്വാഴ്ച രാത്രി തന്നെ പള്ളിയിൽ പ്രതിഷേധ പ്രാർത്ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് മുമ്പ് യാക്കോബായക്കാരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം റൂറൽ എസ്.പി കാർത്തിക് അവരെ അറിയിച്ചു. തങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കൂ എന്നായിരുന്നു വിശ്വാസികളുടെ നിലപാട്. ഇതിനിടെ ഒരാൾ പെട്രോൾ ദേഹത്തൊഴിച്ചു.

പൊലീസ് ഇരച്ചെത്തി

ഉച്ചയ്ക്ക് പള്ളിയിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ വച്ച് പൊലീസ് അടച്ചു. ടൗണിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പൊലീസ് നിയന്ത്രണത്തിലാക്കി. 12.30ന് പള്ളിയിലേക്ക് 750 പൊലീസുകാർ ഇരച്ചെത്തി. ഗേറ്റ് തുറക്കാൻ റൂറൽ എസ്.പി ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിഭാഗം തയ്യാറായില്ല. 12.55 ന് യന്ത്രങ്ങൾ ഉപയോഗിച്ച് ഗേറ്റ് അറുത്തുമാറ്റി പൊലീസ് അകത്തു പ്രവേശിച്ചു. 1.10 ന് ജില്ലാ കളക്ടർ എസ്. സുഹാസ് പള്ളിയിൽ കയറി. 15 മെത്രാപ്പൊലീത്തമാരുമായി ചർച്ച നടത്തി. ഇറങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ ബലം പ്രയോഗിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. പിന്നാലെ കളക്ടറും മെത്രാപ്പൊലീത്തമാരും പുറത്തെത്തി.

എല്ലാവരും അറസ്റ്റ് വരിക്കണമെന്നും സംഘർഷം ഉണ്ടാക്കരുതെന്നും മെത്രാപ്പൊലീത്തമാർ വിശ്വാസികളോട് ആവശ്യപ്പെട്ടു. തുടർന്ന് മെത്രാപ്പൊലീത്തമാർ ഉൾപ്പെടെ നൂറോളം പേർ അറസ്റ്റ് വരിച്ചു. മറ്റുള്ളവർ മുദ്രാവാക്യം വിളിച്ച് പുറത്തേക്കിറങ്ങി.

അറസ്റ്റ് ചെയ്തവരെ രാമമംഗലം സ്റ്റേഷനിൽ എത്തിച്ച് ജാമ്യത്തിൽ വിട്ടു.

മൂവാറ്റുപുഴ ആർ.ഡി.ഒ എം.ടി. അനിൽകുമാർ, തഹസിൽദാർ പി.എസ്. മധുസൂദനൻ നായർ എന്നിവരുടെ അഭ്യർത്ഥന മാനിച്ച് പിരിഞ്ഞു പോകുകയാണെന്ന് വൈകിട്ട് 5ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. 5.30ന് പള്ളിയുടെയും കെട്ടിടങ്ങളുടെയും എല്ലാ വാതിലുകളും തഹസിൽദാർ പൂട്ടി മുദ്രവച്ചു. പള്ളിയുടെ പൂർണ നിയന്ത്രണം പൊലീസിന് കൈമാറി. കനത്ത പൊലീസ് സന്നാഹം പള്ളിയിലും പരിസരത്തും തുടരുകയാണ്.

40 വർഷങ്ങൾക്ക് ശേഷമാണ് പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് ആരാധനയ്ക്ക് അവസരം ഒരുങ്ങുന്നത്.

പിറവത്ത് ഇന്ന് ഹർത്താൽ

പിറവം: പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് യാക്കോബായ സഭ പിറവത്ത് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.