കൊടുങ്ങല്ലൂർ: നഗരത്തിൽ ചന്തപ്പുരയിൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് സ്വകാര്യ ബസുകളും ഒരു സ്കൂട്ടുറും കത്തി നശിച്ചു. ഫയർ ഫോഴ്സും പൊലീസും പാഞ്ഞെത്തി, തീ അണച്ചതിനാൽ പെട്രോൾ പമ്പിലേക്ക് തീ പടരാതെ തടയാനായി.

കൊടുങ്ങല്ലൂർ - പറവൂർ റൂട്ടിൽ ഓടുന്ന ആഞ്ജനേയ, കൊടുങ്ങല്ലൂർ - വരാപ്പുഴ - എറണാകുളം റൂട്ടിലോടുന്ന രോഹിണി കണ്ണൻ എന്നീ ബസുകളാണ് കത്തിയത്. ഇതിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറും കത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. രണ്ട് ബസുകളും പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ ഈ നിഗമനത്തെ സാധൂകരിക്കുന്നുണ്ട്. ബസുകളിലൊന്നിൽ ബാറ്ററി ഘടിപ്പിച്ചിട്ടുള്ള ഭാഗത്ത് നിന്നും പുക ഉയരുന്നതും അത് തീ ആയി പടർന്ന് ആളിക്കത്തുന്നതും കാണുന്നുണ്ട്.

സമീപത്തായി പാർക്ക് ചെയ്തിരുന്ന ബസിലേക്ക് തീ പടരാൻ തുടങ്ങിയ ഘട്ടത്തിൽ ഇത് വഴിയെത്തിയവർ ബസ് തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും ബസിനുള്ളിൽ താക്കോൽ ഇല്ലാതിരുന്നതിനാൽ ആ ശ്രമം വിഫലമായി.

തീ പടർന്ന് പിടിക്കുന്നതും സമീപത്തെ സ്കൂട്ടറിലേക്ക് തീ പടരുന്നതും ദൃശ്യങ്ങളിലുണ്ട്. ബസുകളുടെ മുകളിലൂടെ പോയിരുന്ന വൈദ്യുതിക്കമ്പികളും കേബിളുകളും കത്തിനശിച്ചു. കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂർ പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആഴ്ചകൾക്ക് മുമ്പ് ഈ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബസിന്റെ ടയർ കുത്തിക്കീറിയ സംഭവവുമുണ്ടായിരുന്നതിനാൽ തീപിടിത്തത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആദ്യം ആരോപണമുണ്ടായിരുന്നു.

ഉച്ചയോടെ തൃശൂരിൽ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബി.ജെ.പി മുൻ ജില്ലാ വെൈസ് പ്രസിഡന്റ് എ.ആർ ശ്രീകുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബസും ശ്രീജിത്തിന് പങ്കാളിത്തമുള്ള മറ്റൊരു ബസുമാണ് കത്തിയത്.