തിരഞ്ഞെടുപ്പ് കൺവൻഷൻ 30ന്
കൊച്ചി: മനു റോയിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണി ഒരടി മുന്നോട്ടു വച്ച് കളത്തിലിറങ്ങി. യു.ഡി.എഫും ബി.ജെ.പിയും ഇപ്പോഴും കരയ്‌ക്കിരുന്ന് ചർച്ചയിലാണ്. എറണാകുളം മണ്ഡലം തിരഞ്ഞെുപ്പ് ചൂടിന്റെ ആരവങ്ങളിലേക്ക് മെല്ലെ മെല്ലെ ഇറങ്ങുകയാണ്.
ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഇടതു സ്വതന്ത്രനായി മനുവിന്റെ പേര് പ്രഖ്യാപിച്ചതോടെ ഇടതു മുന്നണി പ്രചാരണങ്ങൾക്കും തുടക്കമിട്ടു. 30ന് വൈകിട്ട് അഞ്ചിന് മറൈൻഡ്രൈവിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേരും. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. അന്ന് രാവിലെ സിറ്റി റേഷനിംഗ് ഓഫീസർ മുമ്പാകെ
സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ അറിയിച്ചു. മണ്ഡലത്തിലെ പ്രധാനപ്പെട്ടവരെ ഇന്ന് മുതൽ സ്ഥാനാർത്ഥി സന്ദർശിക്കും. പാലാരിവട്ടം പാലം, ടൈറ്റാനിയം അഴിമതി തുടങ്ങിയ വിഷയങ്ങൾ പ്രചാരണായുധമാക്കാനാണ് പാർട്ടിയുടെ തീരുമാനം.
യു.ഡി.എഫ് സ്:ഥാനാർത്ഥിത്വം ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് ഉറപ്പിച്ചെങ്കിലും മറ്റിടങ്ങളിലെ തർക്കത്തിൽപ്പെട്ട് പ്രഖ്യാപനം വൈകുകയാണ്. ഇതോടെ പ്രചാരണരംഗത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. പലയിടത്തും സ്ഥാനാർത്ഥി മാറിമറിയുന്നതിനാൽ തീരുമാനങ്ങളെടുത്ത് മുന്നോട്ടു പോകാനും കഴിയുന്നില്ല. ബി.ജെ.പിയിലും കാര്യങ്ങൾ എങ്ങുമെത്തിയില്ല. ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിലും തീരുമാനമായില്ല. മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ, ശിവശങ്കരൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.
എൽ.ഡി.എഫിന് അനുകൂല സാഹചര്യം
ദേശീയ -സംസ്ഥാന രാഷ്‌ട്രീയത്തിലെ അനുകൂലാവസ്ഥ എൽ.ഡി.എഫിന് ഗുണകരമാകും. മതന്യൂനപക്ഷങ്ങൾക്കെതിരെ ദേശീയതലത്തിലുള്ള ആസൂത്രിത നീക്കങ്ങൾ വലിയ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായിട്ടുള്ള പുനർചിന്ത യു.ഡി.എഫിനും കോൺഗ്രസിനും അനുകൂലമല്ല. പുരോഗമന രാഷ്‌ട്രീയ പശ്‌ചാത്തലമുള്ള കുടുംബമാണ് മനു റോയിയുടേത്. സ്വതന്ത്ര കാഴ്‌ചപ്പാടുള്ള പൊതുപ്രവർത്തകൻ എന്ന നിലയിൽ മനു റോയിക്ക് വിപുലമായ ബന്ധങ്ങളുണ്ട്. സ്ഥാനാർഥി നിർണയത്തിൽ സമുദായമല്ല കഴിവാണ് പരിഗണിച്ചത്. മനു പ്രധാന സമുദായത്തിലെ അംഗമാണെന്നത് പോരായ്‌മയല്ല, ഗുണകരമാകും.
സി.എൻ.മോഹനൻ
സി.പി.എം ജില്ലാ സെക്രട്ടറി
നഗരവികസനമാണ് ലക്ഷ്യം
നഗരത്തിലെ വികസന പ്രവർത്തനങ്ങളിൽ ഇടപെട്ട് വരുന്നു. എല്ലാ കാര്യങ്ങളും കൂടുതലായി പഠിച്ച് പരിഹാരം തേടും. സ്ഥാനാർത്ഥിയാകാൻ അവസരം നൽകിയ പാർട്ടിയോട് നന്ദിയുണ്ട്.
അഡ്വ. മനു റോയ്