കൊച്ചി: ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ തിരിച്ചറിയുന്നതിന് മാത്രമായി ഇന്ത്യയിലെ ആദ്യലാബ് 'ഇമ്മ്യുകെയർ' കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മെഡ്‌ജിനോം ലാബിന്റെയും ഷേണായീസ് കെയർ ആശുപത്രിയുടെയും സംയുക്ത സംരംഭമായ ലാബ് കാക്കനാട് സെസിലാണ് പ്രവർത്തിക്കുന്നത്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തിരിച്ചറിയുന്നതിനും ഗവേഷണ വിധേയമാക്കുന്നതിനുമുള്ള രാജ്യത്തെ ഏക ലബോറട്ടറി ശൃംഖലയാണിത്. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ജനിതക വൈകല്യങ്ങളായ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ 150ൽ അധികമുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നും സാമ്പിളുകൾ ശേഖരിക്കാനുള്ള സൗകര്യം ലാബിനുണ്ട്. പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചാണ് കേരളത്തിലെ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതെന്ന് ഇമ്മ്യുകെയർ ഡയറക്ടർ ഡോ.പത്മനാഭ ഷേണായി പറഞ്ഞു. 2001 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ 23 ശതമാനം വർദ്ധിച്ചെന്ന് ഇമ്മ്യുകെയർ സി.ഇ.ഒ ഡോ.അപർണ ജെയ്‌റാം പറഞ്ഞു.
ഈ മേഖലയിൽ രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശോധന സംവിധാനം ഇല്ല. ഈ കുറവ് പരിഹരിക്കുന്നതിനാണ് ഏഷ്യ പസഫിക് റീജിയണിലെ റുമറ്റോളജി ബ്രാൻഡ് അംബാസിഡറും ഷേണായീസ് കെയർ സ്ഥാപകനുമായ ഡോ. പത്മനാഭ ഷേണായിയുമായി സഹകരിച്ച് കൊച്ചിയിൽ ഇമ്മ്യൂകെയർ ആരംഭിച്ചതെന്ന് ജനിതക പരിശോധന രംഗത്തെ മാർക്കറ്റ് ലീഡർ ആയ മെഡ്‌ജിനോം ലാബിന്റെ സി.ഇ.ഒയും സ്ഥാപകനുമായ സാം സന്തോഷ് പറഞ്ഞു. കൊച്ചി ഐ.എം.എ ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇമ്മ്യുകെയർലാബ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് എം.സി എബ്രാഹവും സംസാരിച്ചു.