കൊച്ചി: ഇൻഫർമേഷൻ സെക്യൂരിറ്റി ഗവേഷണ സംഘടനയുടെയും (ഐ.എസ്.ആർ.എ) കേരള പൊലീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര സൈബർ സുരക്ഷാ സമ്മേളനം കൊക്കൂണിന് ഇന്ന് തുടക്കമാകും. ഹോട്ടൽ ഗ്രാൻഡ്‌ ഹയാത്തിൽ രാവിലെ 9.30 ന്‌ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യയിലെ സൈബർ സുരക്ഷ, ഡാറ്റാ സ്വകാര്യത, ഹാക്കിംഗ് എന്നിവയിലെ ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാണ് കൊക്കൂൺ. സംസ്ഥാന പൊലീസിനു കീഴിലുള്ള സൈബർഡോമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്‌. വിവിധ സുരക്ഷാസേനകളിൽനിന്നുള്ള പ്രമുഖരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന വാർഷിക സമ്മേളനം സൈബർ സ്പേസ് സുരക്ഷയുടെയും ഡാറ്റാ സ്വകാര്യതയുടെയും വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം 1500 പ്രതിനിധികൾ പങ്കെടുക്കും. ‘സൈബർ സുരക്ഷയിൽ വനിതകൾക്കുള്ള പ്രാധാന്യം’ എന്ന വിഷയത്തിൽ ഇന്നലെ സെന്റ്‌ തെരേസാസ്‌ കോളേജിൽ നടന്ന സെമിനാർ കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി.പൂങ്കുഴലി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കിഡ് ഗ്ലൗവ് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ ഉദ്ഘാടനം ചെയ്‌തു. കുട്ടികളുടെ ‌സംശയങ്ങൾക്ക്‌ ഡി.ഐ.ജിയും സൈബർ കുറ്റാന്വേഷണ വിദഗ്ധനുമായ കെ.സഞ്‌ജയ്കുമാർ ഗുരുഡിൻ മറുപടി നൽകി.