പിറവം: ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പിറവം വലിയപള്ളി ജില്ലാ ഭരണകൂടം ഇന്നലെ ഏറ്റെടുത്തപ്പോൾ താരമായി എങ്ങും നിറഞ്ഞു നിന്നത് ജില്ലാ കളക്ടർ എസ് സുഹാസ്. നിലത്തു കിടന്നും അലറി വിളിച്ചും പള്ളിക്കകത്ത് യാക്കോബായ വിശ്വാസികൾ ദുഃഖം കൊണ്ട് പ്രതിഷേധിക്കുമ്പോൾ ആരും വിചാരിച്ചില്ല പൊലീസിന് അകത്തു കടന്ന് എന്തെങ്കിലും ചെയ്യാാൻ കഴിയുമെന്ന് .

കളക്ടർ എല്ലാവരോടുമായി പറഞ്ഞു ഞങ്ങൾക്ക് നിങ്ങളുടെ വിഷമം അറിയാം, പക്ഷേ ഞങ്ങളുടെ കൈകൾ പൂട്ടപ്പെട്ടിരിക്കുകയാണ്. നീതി പീഠത്തിന്റെ ഉത്തരവ് അനുസരിച്ചേവറ്റു. ഈ വാക്കുകൾ പ്രതിഷേധം തെല്ലൊന്നു ശമിപ്പിച്ചു.

തുടർന്ന് ഗേറ്റ് അറുത്തുതുമാറ്റാൻ കളക്ടർ ഉത്തരവിട്ടു. കളക്ടർ അകത്തു കയറി മെത്രാപ്പോലീത്തമാരോട് പത്ത് മിനിറ്റ് സംസാരിക്കണമെന്നാവശ്യപ്പെട്ടു. നിയമം അനുസരിക്കണമെന്ന കളക്ടറുടെ അനുനയ സ്വരം മെത്രാപ്പോലീത്തമാർ അംഗീകരിച്ചു. ആരോഗ്യാവസ്ഥ മോശമായവർ അറസ്റ്റ് വരിക്കരുതെന്ന കളക്ടറുടെ ഉപദേശം മെത്രാപ്പോലീത്തമാരും കേട്ടു . ഒടുവിൽ ജോസഫ് മാർ ഗ്രിഗോറിയോസ് പുറത്തെത്തി കളക്ടറുടെ നിസഹായാവസ്ഥ ഇടവകാംഗങ്ങളെ ബോധ്യപ്പെടുത്തി.

വേദനയോടെയാണെങ്കിലും നമ്മൾ ഇറങ്ങി കൊടുക്കണമെന്നും മെത്രാപ്പോലീത്തമാരും വൈദീകരും അറസ്റ്റ് വരിക്കാൻ പോവുകയാണെന്നും ആരും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞപ്പോൾ കളക്ടറുടെ അനുനയം വിജയിച്ചു. ഇതിനിടെ പിറവം ടൗൺ രണ്ടായിരത്തിൽപ്പരം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. അവിടെയും കളക്ടറുടെ തന്ത്രം തുണയായി .അറസ്റ്റ് ചെയ്തവരെ രാമമംഗലം സ്റ്റേഷനിൽ എത്തിച്ചതിനാൽ പിറവം ടൗണിൽ ഉണ്ടാകേണ്ട ഗതാഗതം തടയലും പ്രതിഷേധവും കടയടപ്പിക്കലും ഒന്നുമുണ്ടായില്ല.