ആലുവ: നിർദിഷ്ട കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം വൈകുന്നുവെന്ന പരാതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുപ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളിയുടെ പരാതിയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് കെ.എസ്.ആർ.ടി. സി ഡിപ്പോ കെട്ടിടം പൊളിച്ചുമാറ്റിയതെന്നും പെരുവഴിയിലായ യാത്രക്കാർ കേറി നിൽക്കാനൊരിടം ഇല്ലാതെ കഷ്ടപ്പെടുകയുമാണെന്നുമാണ് പരാതിയിൽ പറയുന്നത്. ടെർമിനലിൻെറ രൂപരേഖ പലവട്ടം മാറ്റുന്നത് കാരണം കെട്ടിട നിർമാണം വൈകുകയാണ്. രൂപരേഖ മാറുന്നതനുസരിച്ച് നടപടിക്രമങ്ങൾ വീണ്ടും ആവർത്തിക്കേണ്ടി വരുന്നതാണ് നിർമ്മാണത്തിന് തടസ്സമാകുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, സ്റ്റാന്റിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യ ബോർഡ് സ്വകാര്യ സ്ഥാപനം നീക്കുകയും ഇവിടെ താത്കാലിക വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണവും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കയറി നിൽക്കാൻ താത്കാലിക ഷെൽട്ടർ നിർമ്മിക്കുന്നതിന്റെ മറവിലാണ് സ്പോൺസർ ഭീമൻ പരസ്യ ബോർഡ് നാട്ടുന്നതിന് ശ്രമം നടത്തിയത്. ഇത് വിവാദമായതിനെ തുടർന്നാണ് അൻവർസാദത്ത് എം.എൽ.എ ഇടപ്പെട്ട് തടഞ്ഞത്.